തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ സന്ദർശന സ്‌മരണകളിൽ നിറയുകയാണ് ആലംതുരുത്തിയിലെ വല്ലഭശ്ശേരി തറവാടും ക്ഷേത്രവും. 1915ലായിരുന്നു ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയ ധന്യമായ ആ സന്ദർശനം. വല്ലഭശ്ശേരി കുടുംബത്തിന്റെ ധർമ്മദേവതയായി ഭദ്രകാളി പ്രതിഷ്ഠ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ കുട്ടിച്ചാത്തനെയും മറുതയെയും ഇവിടെ ആരാധിച്ചിരുന്നു. തുടർന്ന് ദുരാചാരങ്ങളായ പൂജകളും ആചാരങ്ങളും നിലവിൽ വന്നുചേർന്നു. കുടുംബത്തിലെ പുരോഗമന ചിന്താഗതിയുള്ള കാരണവർ ഗോവിന്ദൻ വൈദ്യരും മറ്റും ഇതിൽ മാനസികക്ലേശം അനുഭവിച്ചിരുന്നെങ്കിലും പ്രതികരിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഈവിഷയം ഗുരുദേവ സമക്ഷം അറിയിക്കണമെന്ന് വൈദ്യർ ആഗ്രഹിച്ചിരുന്നെങ്കിലും പറയാൻ സാധിച്ചില്ല. എന്നാൽ വൈദ്യരുടെ മനോവിഷമം അറിഞ്ഞ ഗുരുദേവൻ വൈദ്യരോടു ചോദിച്ചു. `എന്താ വൈദ്യരേ, കാളിയും കൂളിയും ചാത്തനുമൊന്നും കുടുംബത്ത് സമാധാനം തരുന്നില്ല അല്ലേ, പരിഹരിക്കാം, നാമൊരിക്കൽ അങ്ങോട്ടേക്കു വരുന്നുണ്ട്`. തന്റെ മനോഗതം അറിഞ്ഞ് ഗുരുദേവൻ അങ്ങോട്ടേക്ക് വരാൻ താൽപ്പര്യപ്പെടുന്നതിൽ വൈദ്യരും കൂട്ടരും സന്തോഷിച്ചു. അങ്ങനെ 1915ലെ ചിങ്ങപ്പുലരിയിൽ നാടുംനാട്ടാരും ഉണരുംമുൻപേ ഗുരുദേവൻ വല്ലഭശ്ശേരി ക്ഷേത്രത്തിലെത്തി. വൈദ്യരുടെ നേതൃത്വത്തിൽ ഗുരുവിനെ നമസ്‌കരിച്ചു. ഗുരുദേവന്റെ നിർദ്ദേശാനുസരണം ക്ഷേത്രത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോൾ സമീപത്തെ തറവാട്ടിലെത്തി വിശ്രമിച്ചു. ഗുരുവിന്റെ വരവറിഞ്ഞു ഭക്തരാൽ തറവാടും പരിസരവും നിറഞ്ഞു. സന്ധ്യാവേളയിൽ ഗുരുദേവൻ ക്ഷേത്രത്തിലേക്കെഴുന്നള്ളി. ക്ഷേത്രക്കുളത്തിലിറങ്ങി മുങ്ങിനിവർന്ന് അൽപ്പസമയം പ്രാർത്ഥനാ നിരതനായി. തുടർന്ന് ക്ഷേത്രത്തിലെത്തി നടതുറന്നു. അകത്തുകയറി അവിടെയുണ്ടായിരുന്ന എല്ലാവിഗ്രഹങ്ങളും ഒരു ചാക്കിലാക്കി പുറത്തേക്കു കൊടുത്തശേഷം ജലത്തിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. വല്ലഭശ്ശേരിക്ഷേത്രം കഴുകി വൃത്തിയാക്കി. നേരത്തെ നിർദ്ദേശിച്ചിരുന്നതനുസരിച്ച് വൈദ്യർ കൊടുത്ത ശിവപാർവ്വതീ ചിത്രം വാങ്ങിയ ഗുരുദേവൻ ക്ഷേത്രത്തിന്റെ വാതിലുകളടച്ചു. ഈസമയം വൈദ്യർ ചൊല്ലിക്കൊടുത്ത ശിവസ്തുതി കൂടിനിന്നവർ ഏറ്റുചൊല്ലി. ഒരു മണിക്കൂറിനുശേഷം നടതുറന്ന് ശിവസ്തുതി ചൊല്ലി പ്രാർത്ഥിച്ചശേഷം ഗുരു പുറത്തേക്കിറങ്ങി. ''നിങ്ങൾ ഇനിമുതൽ ഭക്തിയായി ശിവനെ ഭജിക്കണം, മേൽക്കുമേൽ നിങ്ങൾക്ക് ശ്രേയസ് ഉണ്ടാകും. ''എല്ലാരോടുമായി ശിവനാമം സ്തുതിക്കാൻ നിർദ്ദേശിച്ചിട്ട് തറവാട്ടിലേക്ക് പോയി വിശ്രമിച്ചശേഷം പിറ്റേന്ന് മടങ്ങുകയായിരുന്നു. കാളീ പ്രസാദത്തിനായുള്ള ഹിംസാത്മകമായ പൂജകളൊന്നും ഇനി ആവർത്തിക്കരുതെന്നും മഹാദേവനാണ് ഈ നാടിന്റെ നായകനെന്നും ഭക്തിയോടെ ശിവനെ ഭജിക്കണമെന്നും അരുളിച്ചെയ്താണ് ഗുരുദേവൻ മടങ്ങിയത്. ഇന്നും ആ ചിട്ടവട്ടങ്ങൾ വല്ലഭശ്ശേരി ക്ഷേത്രത്തിൽ പിൻതുടരുന്നു. വൈദ്യപാരമ്പര്യം പിന്തുടരുന്ന വല്ലഭശ്ശേരി തറവാട്ടിൽ 32 ആയുർവേദ ഡോക്ടർമാരും ഹോമിയോപ്പതിയിലും അലോപ്പതിയിലും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള 9 ഡോക്ടർമാരുമുണ്ട്.
വാർഷികാഘോഷ സമ്മേളനം ഇന്ന്
തിരുവല്ല: ആലംതുരുത്തി വല്ലഭശ്ശേരി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിന്റെ 105-ാമത് വാർഷികാഘോഷ സമ്മേളനം ഇന്ന് നടക്കും. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെയും വല്ലഭശ്ശേരി ദേവസ്വം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, കൗൺസിലർ എ.ജി.തങ്കപ്പൻ, കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ കെ.അന്തഗോപൻ, എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി നേതാവ് കെ.ആർ.പ്രതാപചന്ദ്രവർമ്മ, കെ.എൻ.ബാൽ, ഡോ.രവി, ശാഖാ പ്രസിഡന്റ് സി.പി.ദിവാകരൻ, വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെ ചെറുമകൻ രാധാകൃഷ്ണൻ വല്ലഭശ്ശേരി എന്നിവർ പ്രസംഗിക്കും.