തിരുവല്ല : വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി തിരുവല്ല കവിയൂർ വടശേരിയിൽ വീട്ടിൽ മജേഷ് ഏബ്രഹാം ജോൺ (39) നെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് പിടികൂടി.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കിലോയ്ക്ക് 10,000 രൂപ നിരക്കിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചെറുപായ്ക്കറ്റുകളാക്കി 500 രൂപ, 300 രൂപ നിരക്കിൽ സ്കൂൾ, കോളേജ് പരിസരങ്ങളിലും ബാറുകൾ, ഉത്സവ സ്ഥലങ്ങൾ എന്നിവിടങ്ങളിലും വിൽപന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രപരിസരത്ത് വില്പന കഴിഞ്ഞ ശേഷം കാറിൽ തിരിച്ചുവരുന്ന വഴിയാണ് പിടിയിലായത്.
തിരുവല്ല സിഐ പി.ആർ. സന്തോഷ്, ഡാൻസാഫ് സ്ക്വാഡ് എസ്.ഐ മാരായ ആർ.എസ്. രഞ്ചു, രാധാകൃഷ്ണൻ എസ്., എഎസ്ഐമാരായ വിൽസൺ, അജികുമാർ, ഹരികുമാർ, സിപിഒ മാരായ സുജിത്ത്, സന്തോഷ്കുമാർ പി.ജി., ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു.