അടൂർ : കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി വിജയകരമായി സർവീസ് നടത്തിയിരുന്ന അടൂർ ഡിപ്പോയുടെ ജനപ്രിയ സർവീസായിരുന്ന അടൂർ-ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ചതിനു പിന്നിലും ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനയാണ്. സ്വകാര്യ ബസുടമകളുമായി ചേർന്ന് ഘട്ടം ഘട്ടമായി നടപ്പാക്കിയ 'നഷ്ടത്തിലാക്കൽ' പദ്ധതിയുടെ അവസാന റൗണ്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് അവസാനിപ്പിക്കുകയായിരുന്നു. സമ്മർദ്ദത്തെ തുടർന്ന് ഇത് വീണ്ടും തുടങ്ങുന്നതിന് ചീഫ് ഓഫീസിൽ നിന്നും അനുമതി നൽകിയെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനും അടൂർ എ. ടി.ഒ യും ചേർന്ന് നടത്തിയ തിരക്കഥയിൽ ഇനിയും സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.അടൂരിൽ നിന്നും ആലപ്പുഴ,എറണാകുളം,തൃശൂർ വഴി ഉദയഗിരിയിലേക്കും തിരിച്ചു ഉദയഗിരിയിൽനിന്നും തൃശൂർ,എറണാകുളം, വൈക്കം,കോട്ടയം വഴി അടൂർ ആയിരുന്നു റൂട്ട്.തുടക്കത്തിൽ വൈകിട്ട് 3.30ന് അടൂരിൽ നിന്നും 5ന് ഉദയഗിരിയിൽ നിന്നും എന്ന രീതിയിൽ ആയിരുന്നു സർവീസ്.പിന്നീട് പ്രധാനപ്പെട്ട നഗരങ്ങളിൽ ബ്ലോക്ക് കാരണം സമയക്രമം തെറ്റുന്നതിനാലും മറ്റ് സർവീസുകളുടെ സമയത്തെ ബാധിക്കാതിരിക്കുന്നതിനുമായി അടൂരിൽ നിന്നും വൈകിട്ട് 3നും ഉദയഗിരിയിൽ നിന്നും 4.30നും ആക്കി പുനഃക്രമീകരിച്ചിരുന്നു. ഈ ക്രമീകരണം വഴി 40,000 മുതൽ 45,000 വരെ ശരാശരി വരുമാനവും യാത്രക്കാർക്കിടയിൽ ഏറെ സ്വീകാര്യതയും ഉണ്ടാക്കി.
അട്ടിമറി ഇങ്ങനെ........................
എറണാകുളത്തു നിന്നുള്ള ഒരു സ്വകാര്യ ബസിന്റെ മുതലാളിയുടെ ശ്രമഫലമായി വൈകിട്ട് 6.40 ന് എറണാകുളംവഴി കടന്നുപോയിരുന്ന സർവീസ് 7.10ന് ശേഷം കടന്നുപോകത്തക്ക വിധത്തിൽ സമയക്രമം അട്ടിമറിച്ചു.തുടർന്നുവന്ന എം.ഡി. ഹേമചന്ദ്രൻ കാര്യങ്ങൾ മനസിലാവുകയും സർവീസിന്റെ സമയം വീണ്ടും പഴയപടി ആക്കിയതോടെ വരുമാനത്തിൽ വർദ്ധനവുണ്ടായി.എം.ഡി മാറിയപ്പോൾ ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ കളിയിൽ സ്വകാര്യബസിന് വേണ്ടി വീണ്ടും സമയം അട്ടിമറിച്ചു.ഒടുവിൽ വൈകിട്ട് 5.30ന് എം.സി റോഡിലൂടെ മൂവാറ്റുപുഴ വഴി സർവീസ് വീണ്ടും പുനക്രമീകരിച്ചതോടെ വരുമാനം കുത്തനെ ഇടിച്ച് സർവീസിന് ഇല്ലെന്നാക്കി. ഈ പരിഷ്ക്കാരങ്ങൾക്കെല്ലാം പിന്തുണ നൽകിയത് നിലവിലുള്ള എ.ടി.ഒ യുടെ സഹായത്തോടെയായിരുന്നെന്ന ആക്ഷേപം ജീവനക്കാർക്കിടയിൽതന്നെയുണ്ട്. ഈ സർവീസ് നിറുത്തലാക്കിയതിന്റെ മൂന്നാം ദിവസം കോട്ടയത്തുനിന്നും ഉദയഗിരിയിലേക്ക് യു.ബി.സി ഗ്രൂപ്പിന്റെ സർവീസ് രണ്ടിരട്ടി ചാർജ്ജിൽ ആരംഭിച്ചതോടെയാണ് സാധരണക്കാരായ ആളുകൾക്ക് തിരക്കഥ മനസിലായത്. (തുടരും)