നിരണം: നിരണം ഇരതോട് പാലത്തിന് സമീപം കോഴി ഇറച്ചി മാലിന്യം റോഡിലേക്ക് തള്ളി.ദുർഗന്ധം കാരണം സമീപത്തുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. നിരണം 11-ാം വാർഡിൽ ഇരതോട് പാലത്തിനടുത്ത് ഇറച്ചിക്കോഴി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം മൂലം സമീപവാസികളും വഴിയാത്രക്കാരും പൊറുതി മുട്ടിയിരിക്കുന്നു.കോഴി മാലിന്യം ഭക്ഷിക്കാൻ തെരുവ് നായ്ക്കളും എത്തുന്നുണ്ട്.നായ്കളുടെ ശല്യം പകലും രാത്രിയും ഒരു പോലെ രൂക്ഷമാണ്. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരെ നായ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ തെളിഞ്ഞിട്ടും മാസങ്ങളായി. ജില്ലയുടെ അതിർത്തി പ്രദേശമായ ഇവിടെ അധികാരികൾ ശ്രദ്ധിക്കാതെ പോകുന്നെന്നാണ് നാട്ടുകാരുടെ പരാതി. ആലപ്പുഴയും പത്തനംതിട്ടയും അതിർത്തി പങ്കിടുന്ന സ്ഥലമാണിത്.വളഞ്ഞു പുളഞ്ഞൊഴുകുന്ന ഇരതോടിന് അക്കരെ ആലപ്പുഴയും ഇപ്പുറം പത്തനംതിട്ടയുമാണ്.പൊലീസ് പെട്രോളിംഗ് പോലും ഇവിടെ നടക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.കുഞ്ഞുകുട്ടികളും പ്രായമായവരും നിരവധിയുള്ള പ്രദേശമാണിത്.നിരവധി കോളനികളുള്ള പ്രദേശം കൂടിയാണിത്.സാധാരണക്കാരാണ് ഇവിടെ താമസിക്കുന്നവരിലധികവും. ഇരുന്നൂറിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
ഇരതോട് പാലം
നിരണം പഞ്ഞത്ത് മുക്കം വീയപുരം റോഡാണിത്.നിരണത്ത നിന്ന് ഹരിപ്പാട് പോകുന്ന പാതയാണിത്. എൻ.എച്ച് 66 ലേക്കുള്ള കടപ്ര വീയപുരം ലിംങ്ക് ഹൈവെയിലാണ് ഇറച്ചി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പ്രധാന പാത ആയിട്ടു കൂടി ഇതുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല.
"പത്തനംതിട്ട- ആലപ്പുഴ അതിർത്തിയാണിത്. പ്രധാന റോഡിലായിട്ട് കൂടി അധികൃതർ ഇതൊന്നും ശ്രദ്ധിക്കാറില്ല.നിരവധി കുടുംബങ്ങൾ സമീപത്തുണ്ട്.നായകളുടെ ശല്യവും ദുർഗന്ധവും കാരണം റോഡിൽ വഴി നടക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ്.ഇരുട്ടിന്റെ മറവിലാണ് പലരും മാലിന്യം കൊണ്ട് തള്ളുന്നത്. "
സീഷാദ്
(പ്രദേശവാസി)
ഇരതോട് 11-ാ വാർഡിൽ ഇരതോട് പാലത്തിന് സമീപം
-ജില്ലയുടെ അതിർത്തി പ്രദേശം
-പൊലീസ് പെട്രോളിംഗ് ഇല്ല
-മാലിന്യം തള്ളുന്നത് പതിവ്