george-mathen
റവ. ജോർജ് മാത്തൻ

മല്ലപ്പള്ളി: മലയാള ഭാഷയ്ക്ക് നിരവധി സംഭാവനകൾ നൽകിയ ഭാഷാ പണ്ഡിതൻ റവ. ജോർജ് മാത്തൻ അച്ചന്റെ 150-ാം ചരമവാർഷികത്തിന് മല്ലപ്പള്ളിയിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് മല്ലപ്പള്ളിയിൽ ചേർന്ന സംയുക്ത സംഘാടക സമിതി യോഗം തീരുമാനിച്ചത്.ജ്ഞാനനിക്ഷേപം എന്ന പത്രത്തിന്റെ ചുമതലയേറ്റ ഏറ്റെടുത്ത റവ. ജോർജ്ജ് മാത്തൻ ആദ്യ മലയാളി പത്രാധിപരാണ്.മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി വികാരിയായി 1845-ൽ പ്രവർത്തിക്കുന്ന കാലത്താണ് ആദ്യ മലയാളഭാഷാ വ്യാകരണവും ഗദ്യസാഹിത്യത്തിന് അടിസ്ഥാനമിടുന്ന പലരചനകളും തയാറാക്കിയത്. മികച്ച സാംസ്ക്കാരിക പ്രവർത്തകനായിരുന്ന വൈദീകൻ വിദ്യാഭ്യാസ മേഖലയിൽ മല്ലപ്പള്ളിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിയായ റവ.ജോർജ്ജ് മാത്തന്റെ 150-ാം ചരമവാർഷികമായ മാർച്ച് 4ന് അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിക്കും.മാർച്ച് 7ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന തലവടി സി.എസ്.ഐ. പള്ളിയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് വിളംബര ദീപശിഖാ റാലി നടത്തും.വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആഘോഷപൂർവം എത്തിക്കുന്ന ജോർജ് മാത്തനച്ചന്റെ അർദ്ധകായ പ്രതിമക്കും ദീപശിഖ റാലിക്കും വൈകുന്നേരം മല്ലപ്പള്ളി ടൗണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം സുവർണ്ണ ജൂബില ആഘോഷിക്കുന്ന ജോർജ്ജ് മാത്തൻ മെമ്മോറിയൽ മിഷൻ ആശുപത്രിയോട് ചേർന്നുള്ള ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി അങ്കണത്തിൽ പ്രതിമ സ്ഥാപിക്കും.ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി സ്മരണിക പുറത്തിറക്കും.വിദ്യാഭ്യാസം,ഭാഷ,സാമൂഹ്യപരിവർത്തനം,അടിമ വിമോചനം, സുവിശേഷീകരണം എന്നീ മേഖലകളിലെ ജോർജ് മാത്തനച്ചന്റെ സംഭാവനകൾ അടിസ്ഥാനപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കും.അദ്ദേഹത്തിന്റെ കർമ്മമണ്ഡലങ്ങളും പ്രവർത്തനങ്ങളും വെളിവാക്കുന്ന എക്സിബിഷൻ നടത്തും.സമാപന സമ്മേളനം ജന്മദിനമായ സെപ്റ്റംബർ 25ന് നടത്തുവാനും സംഘാടക സമിതി തീരുമാനിച്ചു.