temple-1

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുളള പ്രശസ്തമായ പന്തീരായിരം വഴിപാട് ഞായറാഴ്ച നടന്നു. തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ നിന്ന് രാവിലെ 7.15​ന് പടറ്റിപ്പഴങ്ങളുമായി ഭക്തഘോഷയാത്ര പുറപ്പെട്ടു. താലപ്പൊലിയും താളമേളങ്ങളും ഗജവീരനും അകമ്പടിയായി. ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഘോഷയാത്ര എത്തിയപ്പോൾ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കൂറ കൈമാറൽ ചടങ്ങ് നടത്തി. കൊടിക്കൂറ തയ്യാറാക്കിയ ജിജീഷ് കുമാർ, എസ്.ആർ. നായർ ഉഷസ്സിന് കൊടിക്കൂറ കൈമാറി. കിഴക്കേഗോപുരത്തിൽ ഉപദേശകസമിതി ഭാരവാഹികൾ ഘോഷയാത്രയെ വരവേറ്റു. യോഗക്ഷേമ സഭ തിരുവല്ല ഉപസഭയിലെ 51 പുരോഹിതന്മാർ ചേർന്ന് പഴങ്ങൾ നിവേദ്യത്തിനായി തയ്യാറാക്കി. തുടർന്ന് പന്തീരടി പൂജയ്ക്ക് മേൽശാന്തിമാരായ മംഗലത്തില്ലം നാരായണൻ നമ്പൂതിരിയുടെയും, ശീരവള്ളി ഇല്ലം എം. കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ശ്രീവല്ലഭ ​ സുദർശന മൂർത്തികൾക്ക് പഴങ്ങൾ നേദിച്ചു. പ്രസാദവിതരണവും നടത്തി. 9.30ന് ​ ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കർമ്മം തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി, അഡ്വ. പി.കെ. വിഷ്ണുനമ്പൂതിരിക്ക് നൽകി നിർവ്വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം, സെക്രട്ടറി ഗോപകുമാർ തച്ചാട്ട്, ജനറൽ കൺവീനർ ജിജീഷ്​കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രകാശ് കോവിലകം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

27ന് വൈകിട്ട് 4.52​നും ​ 5.35 നും മദ്ധ്യേയുള്ള കർക്കിടകം രാശി മുഹൂർത്തത്തിൽ ഉത്സവത്തിന് കൊടിയേറ്റ് നടക്കും. മാർച്ച് 6ന് പളളിവേട്ട, 7ന് ആറാട്ട്.