അടൂർ : കേരളത്തിന്റെ നാണ്യവിളകളെ കേന്ദ്രസർക്കാർ പൂർണമായും അവഗണിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കിസാൻസഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഏറ്റവും വലിയ നാണ്യവിളയായ റബറിന്റെ വിലനിലവാര തകർച്ചയ്ക്ക് ഇടയാക്കിയത് കേന്ദ്രസർക്കാർ നിലപാടുകളാണ്. കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ് കാർഷിക മേഖലയിലും കർഷകരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടൽ നടത്തിയത്. കോർപ്പറേറ്റ് കൃഷിരീതിയെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് അദേഹം പറഞ്ഞു.
മുതിർന്ന സി.പി.ഐ നേതാവ് വൈ. തോമസ് പതാക ഉയർത്തി. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ, ചിറ്റയം ഗോപകുമാർ എം. എൽ. എ, കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറാർ എം.വി. വിദ്യാധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, സ്വാഗതസംഘം വൈസ് ചെയർമാൻ ഡി. സജി എന്നിവർ പ്രസംഗിച്ചു.
മാർത്തോമ്മ യൂത്ത് സെന്ററിൽ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.