അടൂർ : അഖിലേന്ത്യാ കിസാൻസഭയുടെ സംസ്ഥാന സമ്മേളനം അടൂരിന് നവ്യാനുഭവമായി. വാഹനകുരുക്ക് ഒഴിവാക്കുന്നതിനായി ശക്തി പ്രകടനം ഒഴിവാക്കിയതിനൊപ്പം കർഷക മഹാസംഗമത്തിന് പുതിയ പ്രൈവറ്റ് ബസ്റ്റാന്റ് വേദിയാക്കുകയും ചെയ്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിയിട്ടും നഗരഹൃദയത്തിന് ഒരു വീർപ്പുമുട്ടലും അനുഭവപ്പെട്ടില്ലായെന്നത് സംഘാടന മികവായി. ഇന്നലെ ഉച്ചമുതൽ തന്നെ ചെറുതും വലുതുമായ വാഹനങ്ങളിൽ ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.ആഞ്ച് മണിയായപ്പോഴേക്കും കർഷകമഹാസംഗമ വേദി നിറഞ്ഞുകവിഞ്ഞു.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട ദീപശിഖ, പതാക, കൊടിമരങ്ങൾ,ബാനർ ജാഥകൾ അഞ്ച് മണിയോടെ ഹൈസ്കൂൾ ജംഗ്ഷനിൽ സംഗമിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സംയുക്തമായി സമ്മേളന നഗരിയിൽ എത്തി.ഇ.കെ.പിള്ളയുടെ സ്മൃതികുടീരത്തിൽ നിന്നും സത്യൻ മൊകേരി ഉദ്ഘാടനം ചെയ്ത ദീപശിഖ സമ്മേളന വേദിയിൽ സ്വാഗതസംഘം ജനറൽ കൺവീർ എ.പി.ജയനും പി.ഉണ്ണികൃഷ്ണൻ ജാഥാ ക്യാപ്റ്റനായി ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ട പതാക കിസാൻസഭ സംസ്ഥാന സെക്രട്ടറി വി.ചുമണ്ണിയും ഇടുക്കി അമരാവതിയിൽ നിന്നും കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്ത് അയച്ച ബാനർ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വേണുഗോപാലൻ നായരും പന്തളം മുമ്പുഴയിലെ എം.എൻ ഗോവിന്ദൻ നായരുടെ ജന്മഗൃഹത്തിൽ നിന്നും പുറപ്പെട്ട കൊടിമരം പി.എ നായരും പന്തളം പി.ആറിന്റെ സ്മൃതി കുടീരത്തിൽ നിന്നും പുറപ്പെട്ട കൊടിമരം ചിറ്റയം ഗോപകുമാർ എം.എൽ.എയും ഏറ്റുവാങ്ങി. സമ്മേളന നഗറിൽ സി.പി.ഐയുടെ ജില്ലയിലെ മുതിർന്ന നേതാവ് വൈ.തോമസ് പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് വർണാഭമായ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി കടമ്പനാട്ട് ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് ഏറെ ആസ്വാദനമായി.ചിറ്റയം ഗോപകുമാർ എം.എൽ.എ കൂടി നാടൻപാട്ടുകാരനായി വേദിയിൽ എത്തിയതോടെ സദസ് ഇളകിമറിഞ്ഞു.കർഷക മഹാസംഗമത്തിൽ എത്തിയവർക്കായി കൃഷിവകുപ്പ് അൻപതിനായിരത്തോളം പച്ചക്കറി തൈകളും വിതരണം ചെയ്തു.