അടൂർ : ഭരണക്ഷിയായ എൽ.ഡി.എഫിലെ പ്രമുഖ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ അല്ല ഇനി ആരുതന്നെവന്നാലും ഉദയഗിരി സർവീസ് ആരംഭിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒരുസംഘം ഉദ്യോഗസ്ഥർ.ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചിരുന്ന സർവീസിനെ ഇല്ലാതാക്കി വരുമാനമില്ലെന്ന് പറഞ്ഞ് വകുപ്പ്മന്ത്രിയേക്കൂടി ഇവർ വിശ്വാസത്തിലെടുത്താണ് സ്വകാര്യ ലോബികൾക്ക് തഴച്ചുവളരാൻ അവസരം ഒരുക്കുന്നത്.സർവീസ് പുന:രാരംഭിക്കാൻ ഡി.വൈ.എഫ്.ഐ പ്രക്ഷോഭരംഗത്താണ്.ഇതേ വിഷയം ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ അവതരിച്ചപ്പോഴും വരുമാനം കുറവെന്ന പതിവ് മറുപടിയാണ് മന്ത്രി നൽകിയത്.അതേ സമയം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പ്രതിദിനം 40,000 രൂപയുടെ വരുമാനമുണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. 2018ലെ പ്രളയകാലത്തുപോലും 6ലക്ഷം രൂപ ഒരുമാസം വരുമാനമായി ലഭിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഡിസംബർ 18ന് ഡി.ടി.ഒയെ കണ്ട് ചർച്ച നടത്തിയത്.ഡിസംബർ 29 മുതൽ സർവീസ് പുന:രാരംഭിക്കാമെന്നും 24 മുതൽ റിസർവേഷൻ ചാർട്ടിൽ ഈ സർവീസിനെ ഉൾപ്പെടുത്തുമെന്നും ഉറപ്പ് നൽകി.എന്നാൽ ഈ ഉറപ്പ് പാഴായി.ഇതിനെ തുടർന്ന് ജനുവരി 23ന് ഡി.ടി യോയെ ഉപരോധിച്ചപ്പോൾ തന്നെ കായികമായി ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു.അന്വേഷണം നടത്തിയ പൊലീസ് സംഭവത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി. തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ നേതൃത്വത്തിൽ മന്ത്രിയുമായി ചർച്ച നടത്തിയപ്പോഴും ഉദ്യോഗസ്ഥർ പറഞ്ഞു പഠിപ്പിച്ച പല്ലവി മന്ത്രി ആവർത്തിക്കുകയായിരുന്നു. ഇൗ സർവീസിനെ തുടക്കം മുതൽ മുക്കികൊല്ലാത്ത ഒാപ്പറേഷൻ വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർ നടത്തിയ നീക്കത്തിന് അനുസൃതമായി തിരക്കഥ തയാറാക്കിയാണ് അടൂർ എ.ടി.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ലോബി ഉദയഗിരി സർവീസ് തുടങ്ങില്ലെന്ന വാശിയിൽ ഉറച്ച് നിൽക്കുന്നത്.
പലതലത്തിലുള്ള ചർച്ച നടന്നിട്ടും സർവീസ് പുന:രാരംഭിക്കില്ലെന്ന വാശിയിലാണ് ഉദ്യോഗസ്ഥർ.ഇതിനായി ഏതറ്റംവരെയും പോകാൻ തങ്ങൾ തയാറാണ്.ഡിപ്പോയിൽ നിരാഹാര സമരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകും
അഖിൽ പെരിങ്ങനാടൻ
(പള്ളിക്കൽ പഞ്ചായത്ത് മെമ്പർ)