നാരങ്ങാനം: മഠത്തുംപടി ദേവീക്ഷേത്രത്തിൽ ഇടപടയണി ഇന്ന് രാത്രിയിൽ നടക്കും. കീരിപ്പാറ, വടക്കേത്തറപ്പടി , കൊച്ചുവീട്ടിൽ പടി ഭക്തജനക്കൂട്ടായ്മയാണ് വഴിപാട് സമർപ്പണം.കാച്ചിമുറുക്കിയ തപ്പ് താളത്തിൽ കരയറിയിപ്പ് നടത്തുമ്പോൾ കണമുക്ക് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്നും കൂട്ടക്കോലങ്ങൾ ചൂട്ടുകറ്റയുടേയും,ചെണ്ട മേളത്തിന്റെയും, കൈവിളക്കിന്റെയും, വഞ്ചിപ്പാട്ടിന്റെയും,ആർപ്പുവിളികളോടും കളത്തിലെത്തി കാപ്പൊലിച്ച് കാവ് വലത്ത് നടത്തി കാവിലമ്മയുടെ തിരുമുമ്പിൽ സമർപ്പണം ചെയ്യും.താവടി,പുലവൃത്തം,ഗണപതി, മറുത,കാലൻ,യക്ഷി,പക്ഷി,ഭൈരവി എന്നിവ കളത്തിൽ തുള്ളിയൊഴിയും.എൻ.എസ്.എസ്.ഏഴ് കരയോഗങ്ങളുടെ കൂട്ടായ്മയായ സംയുക്ത സമാജമാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്.നാരങ്ങാനം കേന്ദ്രീകരിച്ച് പടയണിയുടെയും വേലകളിയുടേയും ഇതരനാടൻപ്രാദേശീക കലകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പൈതൃകകലാകളരിയാണ് പടയണി അവതരണം.