പത്തനംതിട്ട: ''പിന്നിലോട്ട് കയറി നിൽക്ക്, മുന്നോട്ടു നിൽക്ക്...'' രാവിലെ ഒൻപത് മണിസമയത്ത് ബസുകളിൽ കണ്ടക്ടർമാരുടെ ഇൗ ആക്രോശം കേട്ടിട്ടില്ലേ.. വിദ്യാർത്ഥികൾ കയറുന്ന ബസുകളിലാണ് ഞെരുക്കി നിറുത്തുന്ന ഇൗ കാഴ്ച. ബസുകളിൽ കുത്തിനിറച്ചുളള ദുരിത യാത്രയ്ക്ക് അറുതിയാകും, കോളേജ് പഠന സമയം രാവിലെ എട്ട് മുതൽ ഒരു മണി വരെയാക്കാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നടപ്പായാൽ. പഠന സമയം നേരത്തേയാക്കിയാൽ പല പ്രയോജനങ്ങളും വിദ്യാർത്ഥികൾക്കുണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രാവിലത്തെ നല്ല അന്തരീക്ഷത്തിൽ പഠിക്കാം. ഉച്ചകഴിഞ്ഞ് ഏതെങ്കിലും തൊഴിൽ ചെയ്ത് പഠനച്ചെലവ് സ്വയം കണ്ടെത്താം. ഗവേഷകർക്ക് ലൈബ്രറിയിൽ കൂടുതൽ സമയം ചെലവഴിക്കാം....
എന്നാൽ, സർക്കാർ നിർദേശത്തോട് വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടോ ഇല്ലയോ എന്നത് പ്രധാനമാണ്. ജില്ലയിലെ ചില കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കേരളകൗമുദി നടത്തിയ സർവേയിൽ ഉയർന്ന അഭിപ്രായം ഇങ്ങനെയാണ്: