പത്തനംതിട്ട: ''അതാെരു 'ദു:ഖ' വെളളിയാഴ്ചയായിരുന്നു. നടന്ന കാര്യങ്ങൾ ഒാർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത ഭീതി തോന്നുന്നു. ഒപ്പമുണ്ടായിരുന്ന പലരുടെയും മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ പുറത്തെടുത്തത്. ചിലരുടെ കൈയും കാലും ഒടിഞ്ഞു. ശരീരം അനക്കാൻ കഴിയാതെ എത്രയോ പേർ ആശുപത്രി കിടക്കയിൽ മാസങ്ങൾ തളളിനീക്കി. കുമ്പഴയിൽ അപകടമുണ്ടാക്കിയ കോമോസ് ബസിനെ പിള്ളേരുവണ്ടിയെന്നാണ് അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥികളായിരുന്നു ബസിലെ കൂടുതൽ യാത്രക്കാർ. ആ ബസ് കൊലവണ്ടിയായി മാറുകയായിരുന്നു''- അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എ.വി.ജോർജ് ഒാർക്കുന്നു. കാതോലിക്കേറ്റ് കോളേജിലെ ഒന്നാംവർഷ ബി.എസ്.സി ഫിസിക്സിന്റെ അവസാന എക്സ്ട്രാ ക്ലാസിന് ബസിൽ പോവുകയായിരുന്നു ഞാൻ. ജേഷ്ഠനും അനുജനും ബസിൽ എനിക്കൊപ്പമുണ്ടായിരുന്നു. പൊതിപ്പാട് സ്റ്രോപ്പിൽ നിന്നാണ് ബസിൽ കയറിയത്. പതിവുളള കെ.എസ്.ആർ.ടി.സി ബസ് വരാതിരുന്നതിനാൽ ആളുകളെ തിക്കിഞെരുക്കിയായിരുന്നു യാത്ര. മൈലാടുംപാറയിലെ വളവ് കഴിഞ്ഞപ്പോൾ ബസ് ഇടത്തോട്ടും വലത്തോട്ടും പാളിപ്പോകുന്നതായി തോന്നി. പിന്നീട് വലിയൊരു ശബ്ദം കേട്ടു. ബസ് താഴേക്ക് പതിച്ച് തെങ്ങിലിടിച്ചു നിന്നതു മാത്രമാറിയാം. ബോധം വരുമ്പോൾ ആശുപത്രിയിലാണ്. ശരീരം മുഴുവൻ പരിക്കുകളായിരുന്നു. ജ്യേഷ്ഠന്റെ കാലുകൾ ഒടിഞ്ഞു. അനുജനും പരിക്കുപറ്റി. മൂന്ന് പേരും ആശുപത്രിയിൽ. ചുറ്റിനും മൃതദേഹവും ചോരയും. എല്ലാവരും പരിക്കേറ്റ് എത്തിയവരായിരുന്നു. പരസ്പരം ഒന്നും പറയാനാകാതെ ഞങ്ങൾ അടുത്തടുത്ത കിടക്കയിൽ ഭയത്തോടെ ദിവസങ്ങൾ തളളി നീക്കി.