പത്തനംതിട്ട : വടശ്ശേരിക്കര ടി.ടി.ടി.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന് മുമ്പായി നടത്തിയ ഘോഷയാത്രയ്ക്കിടെ വിദ്യാർത്ഥികളെ തേനീച്ച ആക്രമിച്ചു. പത്ത് മുതൽ 14 വയസുവരെയുള്ള കുട്ടികളെയാണ് തേനീച്ച ആക്രമിച്ചത്. വിദ്യാർത്ഥികളുടെ തലയിലും മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റത്. വടശ്ശേരിക്കര പാലത്തിന് സമീപമായിരുന്നു സംഭവം. രാവിലെ 10.30ന് സ്കൂളിൽ നിന്ന് വടശ്ശേരിക്കര പെട്രോൾ പമ്പ് വരെ നടത്തിയ ഘോഷയാത്ര തിരികെ സ്കൂളിലെത്തുന്നതിന് തൊട്ട് മുമ്പാണ് അപകടം ഉണ്ടായത്. ആദ്യം പോയപ്പോഴും തേനീച്ച മൂളി പറക്കുന്ന കണ്ടിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. ഇവിടെ വലിയ തേനീച്ചകൾ നിരന്തരം കൂട് വച്ച് ശല്യമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
സാരമായി പരിക്കേറ്റ ബൗണ്ടറി വാലുമണ്ണിൽ ടി.എസ്.സുബിൻ(15), പേഴുംപാറ വലിയതറയിൽ റിജിൻ (14),വടശ്ശേരിക്കര ഇടയക്കാട്ട് അക്‌സ ബിനു(10),ബൗണ്ടറി കിഴക്കേതിൽ മെർലിൻ സജു(13) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിന്റെ മുഖത്ത് നീര് അധികമായതിനാൽ ആശുപത്രിയിൽ അഡ്മിറ്റാക്കി. അൻസു ജയ ജോസഫ് (14),ശ്രുതി (14), ടി.എസ്.സ്‌നേഹ (12),അനശ്വര (12) , തസ്ലിമ (13), മെൽബിയ (14), അർച്ചന (14), പ്രീതു (10), ജയലക്ഷ്മി (14), റിയ (14), നീനു (14), അലിഷാമോൾ (11), ഡോണ (13), അഞ്ജിത (12),റിനുമോൾ (11), ഗോപിക (14), എസ്.അക്ഷയ (15),ആതിര (13), സ്‌നേഹ മാത്യു (14),സൗമ്യ (14),അഭിഷേക് (12),അനന്ദു (12),എന്നിവരെ വടശ്ശേരിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ശുശ്രൂഷ നൽകി വിട്ടയച്ചു. കൂടുതലും പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്.