ചെങ്ങന്നൂർ: പുത്തൻകാവ് മാർ പീലിക്‌സിനോസ് യു.പി സ്‌കൂൾ (ഒറ്റക്കുടി സ്‌കൂൾ) ശതാബ്ദി നിറവിൽ.1921ൽ പുത്തൻകാവിലെ ചില കുടുംബങ്ങൾ ഓഹരി എടുത്ത് ആരംഭിച്ച സ്‌കൂൾ പിന്നീട് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറുകയായിരുന്നു.പുത്തൻകാവ് കൊച്ചു തിരുമേനി പ്രധാനാദ്ധ്യാപകനായും പുത്തൻകാവ് മാത്തൻ തരകൻ അദ്ധ്യാപകനായും ഇവിടെ പ്രവർത്തിച്ചിരുന്നു. ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച രാവിലെ 10ന് ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ചെങ്ങന്നൂർ സി.ഐ.എം സുധിലാൽ ഫ്‌ളാഗ് ഓഫ് ചെയ്യും.വെളളിയാഴ്ച്ച കുട്ടികളുടെ കലാപരിപാടികൾ,പൂർവ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും.ശനിയാഴ്ച്ച ഉച്ചയ്ക്ക് 3ന് ചേരുന്ന ശതാബ്ദി സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.സജി ചെറിയാൻ എം.എ.എ അദ്ധ്യക്ഷത വഹിയ്ക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണവും ഓർത്തഡോക്‌സ്​ സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അനുഗ്രഹ പ്രഭാഷണവും നടത്തും. ശതാബ്ദി വർഷത്തിൽ കൗൺസലിംഗ് ക്ലാസുകൾ,ആരോഗ്യ ക്യാമ്പ്, നാടകക്കളരി,ക്വിസ് മത്സരങ്ങൾ,എക്‌സിബിഷനുകൾ, വളർത്തുമൃഗ ദാനം,കാരുണ്യ സ്പർശം പദ്ധതി,ഫുഡ് ഫെസ്റ്റുകൾ എന്നിവ നടക്കും.സ്‌കൂൾ കെട്ടിട നവീകരണവും ശതാബ്ദി സ്മാരക ആഡിറ്റോറിയ നിർമ്മാണവും നടക്കും.പ്രധാനാദ്ധ്യാപിക എസ്.ഷീലാമ്മ.പി.ടി.എ പ്രസിഡന്റ് പി.ഇ വർ​ക്കി,കെ.ദിലീപ് കുമാർ, ആർ.ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടു​ത്തു.