elr
മൈനാമൺ 42-ാം അങ്കണ വാടി

ഇളമണ്ണൂർ: കുറുമ്പകര മൈനാമൺ 42-ാം അങ്കണവാടിയുടെ സ്ഥിതി പരിതാപകരമാണ്. വിശ്വസിച്ച് കുട്ടികളെ അയക്കാൻ ഏതൊരു രക്ഷിതാവും അൽപ്പം മടിയ്ക്കും. കാരണം മറ്റൊന്നുമല്ല. കെട്ടിടം അപകടാവസ്ഥയിൽ തന്നെ. നിന്നു തിരിയാൻ സ്ഥലമില്ല. ഇതിനുളളിലാണ് കുട്ടികൾക്കുള്ള പാചകവാതക സിലിണ്ടർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും.എട്ടു കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. രണ്ട് അലമാരയും മറ്റ് അനുബന്ധ സാധനങ്ങളും ഈ മുറിക്കുള്ളിൽ ഉണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി ഒന്ന് ഇരിക്കുവാനോ ഇവരെ കിടത്തി ഉറക്കുവാനോ സ്ഥലമില്ലാത്ത അവസ്ഥയാണ്. കുട്ടികൾക്കുള്ള ശൗചാലയം കടയ്ക്കു പുറകിൽ താൽക്കാലികമായി ഉണ്ടാക്കിയതാണ്. ഇതും ശോചനീയാവസ്ഥയിലാണ്. ഈ അവസ്ഥയിൽ പല രക്ഷിതാക്കളും കുട്ടികളെ ഈ അങ്കണവാടിയിലേക്ക് അയക്കുവാൻ മടിക്കുകയാണ്. മൈനാമൺ 42-ാം അങ്കണവാടി ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിനു സമീപമാണ് 25 വർഷം മുമ്പ് നിർമ്മിച്ച അങ്കണവാടി.പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇപ്പോൾ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വഅങ്കണവാടിയിലാണ് കുട്ടികൾക്ക് പഠിക്കുന്നത്.

അശാസ്ത്രീയ നിർമ്മാണം.....

തുടക്കത്തിലെ അശാസ്ത്രീയമായ നിർമ്മാണമാണ് അങ്കണവാടി കെട്ടിടത്തിൽ നടന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച ഇരുപതിനായിരം രൂപയും ബാക്കി തുക നാട്ടുകാരും ചേർന്നാണ് ഈ അങ്കണവാടി നിർമ്മിച്ചത്. നിർമ്മാണത്തിൽ തന്നെ സ്ഥലക്കുറവ് അങ്കണവാടിയുടെ പ്രവർത്തനത്തെ ബാധിച്ചു. വർഷങ്ങൾക്കു ശേഷം പിന്നീട് ഒരു അടുക്കളയും സാധനങ്ങൾ വയ്ക്കാനുമായി രണ്ടു മുറികൾ ഉണ്ടാക്കി. ഇതിന്റെ നിർമ്മാണമാണ് അങ്കണവാടിയെ ഇപ്പോഴത്തെ ഈ അവസ്ഥയിലെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. പഴയ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്ന് വച്ച മുറികൾ പിന്നീട് ഇളകി മാറിയതാണ് പ്രശ്നത്തിനു കാരണം. നാൾക്കുനാൾ കെട്ടിടത്തിന്റെ അവസ്ഥ മോശമായതോടെയാണ് അങ്കണവാടി പഴയ കെട്ടിടത്തിൽ നിന്നും വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.

-അങ്കണവാടിയിലുള്ള 8 കുട്ടികൾ

- ഇവർക്ക് ഇരിക്കാനോ കിടത്തി ഉറക്കാനോ സ്ഥലമില്ല

- 25 വർഷത്തെ പഴക്കം

പഞ്ചായത്ത് കമ്മിറ്റി കൂടി അങ്കണവാടിയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കും.

പി.പ്രജീഷ്

(വാർഡ് മെമ്പ‌ർ)