വളളിക്കോട്: വയൽ നിറഞ്ഞ് വിളഞ്ഞു കിടക്കുന്ന കതിർമണികൾ കൊയ്തെടുക്കുന്ന സമൃദ്ധിയിലാണ് വളളിക്കോട് ഗ്രാമം. മുൻ വർഷത്തേക്കാൾ വിളവ് ലഭിച്ചതിന്റെ സന്തോഷം കർഷകരുടെ മുഖത്തുണ്ട്. കുട്ടനാട്ടിൽ നിന്ന് എത്തിച്ച അഞ്ച് കൊയ്ത്ത് യന്ത്രങ്ങൾ പാടങ്ങളിൽ തലങ്ങും വിലങ്ങും പായുകയാണ്. കച്ചി കെട്ടാനായി നാല് യന്ത്രങ്ങളുമുണ്ട്.
കഴിഞ്ഞ വർഷത്തേക്കൾ ഇരുപത് ശതമാനം കൂടുതലായി ഇത്തവണ കൃഷി ചെയ്യാൻ കഴിഞ്ഞതായി കർഷകൻ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിലാൽ പറഞ്ഞു. കഴിഞ്ഞ വർഷം 80 ഹെക്ടറിലായിരുന്നു കൃഷി. ഇത്തവണ 130 ഹെക്ടറിൽ കൃഷി ചെയ്തു. വളളിക്കോടിനെ തരിശ് രഹിത പാടങ്ങളാക്കാൻ പാടശേഖര സമിതികളും പഞ്ചായത്തും കൃഷി ഒാഫീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നപ്പോൾ നൂറ് മേനി വിളവ് ലഭിക്കുകയായിരുന്നു. കൊല്ലായിൽ ഏലായിൽ 25 വർഷത്തിനു ശേഷമാണ് കൃഷിയിറക്കിയത്. നല്ല വിളവ് ലഭിക്കുകയും ചെയ്തു. നടുവത്തൊടി, കാര്യവേലി പാശേഖരങ്ങളിൽ രണ്ട് വർഷത്തിനു ശേഷമാണ് വിത്തിറക്കിയത്.
ഒരിപ്പൂ കൃഷിയിൽ ഉമാ വിത്താണ് വിതച്ചത്. കളപറിക്കലും വളമിടലും നടന്നു.
കൊയ്തെടുത്ത നെല്ല് സപ്ളൈക്കോയ്ക്ക് വിൽക്കുകയാണ്. കിലോയ്ക്ക് 26.90രൂപ കർഷകന് ലഭിക്കും. വേട്ടാകുളം, നടുവത്തൊടി, തലച്ചേമ്പ് പാടശേഖരങ്ങളിൽ കൊയ്ത്തുകഴിഞ്ഞു. നരിക്കുഴി, കാരുവേലിൽ, കൊല്ലായിൽ ഏലകളിൽ അടുത്ത് മാസം പതിനഞ്ചോടെ കൊയ്യും.
ആകെ കൃഷി ചെയ്തത് 130 ഹെക്ടറിൽ
പാടശേഖരവും കൃഷി ചെയ്ത സ്ഥലത്തിന്റെ അളവും (ഹെക്ടറിൽ)
വേട്ടാകുളം - 33
നടുവത്തൊടി - 24
തലച്ചേമ്പ് - 24
തട്ടയിൽ - 5
കൊല്ലായിൽ - 20
നരിക്കുഴി - 14
കാരുവേലിൽ - 11
വേട്ടാകുളം, നടുവത്തൊടി, തലച്ചേമ്പ്, തട്ടയിൽ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞു.
കൊല്ലായിൽ , നരിക്കുഴി, കാരുവേലിൽ പാടശേഖരങ്ങളിൽ
അടുത്ത മാസം.
'' കർഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി വകുപ്പിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് വളളിക്കോട്ട് നെൽകൃഷി വ്യാപിപ്പിക്കാനും നല്ല വിളവ് കൊയ്യാനും കഴിഞ്ഞത്.
രഞ്ജിത്ത് കുമാർ, കൃഷി ഒാഫീസർ