അടൂർ : ഇന്ത്യയിലെ നിയമ വ്യവസ്ഥയും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു എന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്തി നരേന്ദ്രമോദിയെ ജസ്റ്റിസ്റ്റ് അരുൺ മിശ്ര മികച്ച പ്രധാനമന്ത്രിയെന്ന് പുകഴ്ത്തുന്നത് നിയമസംവിധാനത്തിന്റെ ദുരവസ്ഥയാണ് കാണിക്കുന്നത്. ആഗോളതലത്തിൽ ചിന്തിക്കുകയും വെറും താഴ്ന്നനിലയിൽ പ്രവർത്തിക്കുകയുമാണ് ജസ്റ്റിസ് അരുൺ മിശ്ര. ഭരണാധികാരികളുടെ താളത്തിന് തുളളുന്ന നിയമസംവിധാനം ഭരണഘടന നൽകുന്ന എല്ലാ മൂല്യങ്ങളെയും തകർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കേന്ദ്ര ഭരണാധികാരികൾ ജുഡിഷ്യറിയെ ഉപയോഗിച്ച് ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെയും മാദ്ധ്യമ സ്വാതന്ത്യത്തിന്റെയും കടയ്ക്കല്‍ കത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ എഴുപത് വർഷക്കാലമായി ഭാരതം ആർജ്ജിച്ച ഭരണഘടനാമൂല്യങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും ഹനിച്ചുകൊണ്ട് ഫാസിസവും നാസിസവും നാട്ടിൽ പ്രചരിപ്പിക്കാനുളള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും കുതന്ത്രമാണ് പൗരത്വബില്ല് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.വേണുഗോപാലൻ നായർ പതാക ഉയർത്തി. എൻ.രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും മാത്യു വർഗീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സി. പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരൻ, ബി.കെ.എം. യു സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ.പി.ജയൻ സ്വാഗതം പറഞ്ഞു. കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം നാളെ അവസാനിക്കും.