കോഴഞ്ചേരി : കിടങ്ങന്നൂർ നാൽക്കാലിക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹവും പ്രതിഷ്ഠാ വാർഷിക ഉത്സവവും 28​മുതൽ മാർച്ച് ആറ് വരെ നടക്കും. ഇതിന് മുന്നോടിയായി 27​ന് വൈകിട്ട് അഞ്ചിന് ആചാര്യവരണവും 5.30​ന് പളളിമുക്കത്ത് ദേവീക്ഷേത്രത്തിൽ നിന്ന് യജ്ഞവിഗ്രഹം വഹിച്ചുളള ഘോഷയാത്രയും നടക്കും. ആറിന് യജ്ഞശാലയിൽ എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപണിക്കർ ഭദ്രദീപം തെളിക്കും. ഏഴിന് യജ്ഞാചാര്യൻ കലഞ്ഞൂർ ബാബുരാജിന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ ഭാഗവതപാരായണം, 12​ന് ഭാഗവത പ്രഭാഷണം, 12.45​ന് അന്നദാനം, 5.30​ന് നാരായണീയപാരായണം, എട്ടിന് ഭജന എന്നിവ നടക്കും. മാർച്ച് ഒന്നിന് വൈകിട്ട് ആറിന് സ്വാമി സദ്‌​സ്വരൂപാനന്ദ സരസ്വതിയുടെ ആദ്ധ്യത്മിക പ്രഭാഷണം, എട്ടിന് ഭക്തിഗാനസുധ. രണ്ടിന് രാവിലെ 10​ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന. മൂന്നിന് വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ, രാത്രി എട്ടിന് വില്ലടിച്ചാൻ പാട്ട്. നാലിന് വൈകിട്ട് അഞ്ചിന് ശനീശ്വരപൂജ. അഞ്ചിന് പകൽ 12.45​ന് സമൂഹസദ്യ, മൂന്നിന് അവഭൃതസ്‌​നാന ഘോഷയാത്ര. പ്രതിഷ്ഠാ വാർഷീക ദിനമായ ആറിന് രാവിലെ 8.30​ന് കലശപൂജകൾ, കളഭപൂജ, മരപ്പാണി, 10​ന് കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികളായ കെ.എൻ.ബാലകൃഷ്ണപിളള, ജി.പ്രദീപ്, ആർ.അജിത്ത് കുമാർ എന്നിവർ അറിയിച്ചു.