കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ സമ്പൂർണ്ണ റോഡ് മാപ്പ് മാർച്ച് അഞ്ചിന് മുമ്പ് വാട്ടർ അതോറി​റ്റി അടൂർ പ്രോജക്ട് ഡിവിഷന് കൈമാറാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് എം.എൽ.എ യുടെ നിർദ്ദേശാനുസരണം തീരുമാനമുണ്ടായത്. 400 കോടി രൂപയുടെ കുടിവെള്ള പ്രോജക്റ്റുകളാണ് ബഡ്ജ​റ്റിലൂടെ കോന്നി മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ളത്. മലയാലപ്പുഴ പഞ്ചായത്തിൽ പുതിയ കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിർമ്മിക്കുന്നതിന് വസ്തു കണ്ടെത്തും.മൈലപ്രയിൽ നിലവിലുള്ള ജലവിതരണ ടാങ്ക് പുനർനിർമ്മിക്കും.ഏനാദിമംഗലം പഞ്ചായത്തിൽ പുതിയ പദ്ധതിക്ക് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുകയും ജലവിതരണ ടാങ്ക് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുകയും ചെയ്യും.കലഞ്ഞൂരിൽ ടാങ്കിനുള്ള സ്ഥലം പഞ്ചായത്ത് നൽകും.അരുവാപ്പുലത്ത് സ്ഥലം ഏ​റ്റെടുക്കേണ്ട പ്രദേശം ഉടൻ സർവേ നടത്തി പഞ്ചായത്തിനെ അറിയിക്കും.തണ്ണിത്തോട് ചി​റ്റാർ പദ്ധതിയുടെ സർവേ ഉടൻ നടത്തും.സീതത്തോട് നിലയ്ക്കൽ പദ്ധതിയുടെ ഭാഗമായി സീതക്കുഴി, ഗുരുനാഥൻമണ്ണ് എന്നിവിടങ്ങളിൽ ടാങ്കിനുള്ള വസ്തു കണ്ടെത്താനും തീരുമാനമായി.പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസിമോൾ ജോസഫ് (വള്ളിക്കോട്),തോമസ്സ് മാത്യു (മൈലപ്ര),കെ.ജയലാൽ (മലയാലപ്പുഴ), രവികല എബി (ചി​റ്റാർ),അമ്പിളി (തണ്ണിത്തോട് ) മനോജ് കുമാർ (കലഞ്ഞൂർ),പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ്, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ കോന്നി വിജയകുമാർ, വാട്ടർ അതോറി​റ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.മനു, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ കെ.എ.നിസാർ, ആൻസിൽ, അസിസ്​റ്റന്റ് എൻജിനിയർമാരായ ആർ.ബാബുരാജ്, ജി.പ്രസാദ് എന്നിവർ പങ്കെടുത്തു.