കോന്നി : നിയോജക മണ്ഡലത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എ വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് മാരൂർപാലത്ത് പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ നടപടി സ്വീകരിച്ച് പണിതുടങ്ങി. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ കിണർ ഉടൻ ശുചിയാക്കും. കോന്നിതാഴം കുടിവെള്ള പദ്ധതിയിലെ വാൽവ് ഓപ്പറേ​റ്ററെ സംബന്ധിച്ച് ഉയർന്ന പരാതി പരിഹരിക്കാൻ നിർദ്ദേശം നൽകി.കൂടുതൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായി പരാതി ഉയർന്ന പഞ്ചായത്തുകളിൽ വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥർ പങ്കെടുത്ത് ജനപ്രതിനിധികളുടെ യോഗം നടത്താനും എം.എൽ.എ നിർദ്ദേശിച്ചു.ഇന്ന് രാവിലെ 10ന് മലയാലപ്പുഴയിലും ഉച്ചയ്ക്ക് 2ന് വള്ളിക്കോട്ടും യോഗം ചേരും.നാളെ രാവിലെ 10ന് പ്രമാടം പഞ്ചായത്തിലെ യോഗവും,27ന് രാവിലെ 10ന് കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലെ സംയുക്ത യോഗവും ചേരും.മാർച്ച് ഒന്നിനു മുൻപ് മ​റ്റു പഞ്ചായത്തുകളിലും യോഗം ചേരും.