തിരുവല്ല: നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മിനി മാരത്തോൺ ഇന്ന് രാവിലെ ഏഴിന് തിരുവല്ല എം.ജി.എം സ്‌കൂളിൽ നിന്ന് ആരംഭിക്കും. സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരസഭയിലെ പ്രധാന സ്ഥലങ്ങളിലൂടെ 12 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന മാരത്തോണിൽ വിജയികളാകുന്നവർക്ക് കാഷ് അവാർഡ് നൽകും. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റൻ ജോബി ജോസഫ് ഉൾപ്പെടെയുള്ള കായികതാരങ്ങൾ, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.