തിരുവല്ല: കാത്തിരിപ്പിനൊടുവിൽ നഗരത്തിലെ കാമറകൾ പ്രവർത്തിച്ചു തുടങ്ങി. മാസങ്ങൾക്ക് മുമ്പ് നഗരസഭാ പരിധിയിൽ 32 കേന്ദ്രങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ നഗരസഭയുടെ ശതാബ്ദി ആഘോഷ വേളയിൽ മിഴിതുറന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കാമറയുടെ പ്രവർത്തനം തുടങ്ങാൻ വൈകിയത്. സ്വിച്ചോൺ കർമം മാത്യു ടി.തോമസ് എം.എൽ.എ.നിർവഹിച്ചു.നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ,ഡിവൈ.എസ്.പി.ജെ.ഉമേഷ് കുമാർ, കൗൺസിലർമാരായ ആർ.ജയകുമാർ,എം.പി.ഗോപാലകൃഷ്ണൻ,ബിജു ലങ്കാഗിരി,അനു ജോർജ്,ബിന്ദു വേലായുധൻ എന്നിവർ പ്രസംഗിച്ചു.
പ്രധാന പാതകൾ നിരീക്ഷണത്തിൽ
പ്രധാന പാതകൾ മിക്കതും നിരീക്ഷണ വലയത്തിൽപ്പെടുംവിധമാണ് കാമറകൾ ക്രമീകരിച്ചിരിക്കുന്നത്.നഗരസഭയ്ക്ക് മുൻവശം,കാവുംഭാഗം,മതിൽഭാഗം,തോണ്ടറപ്പാലം,റെയിൽവേ സ്റ്റേഷൻ,ചിലങ്ക,കറ്റോട്,കുറ്റപ്പുഴപ്പാലം,മുത്തൂർ,എസ്.സി.എസ്.കവല,കുരിശുകവല എന്നിവിടങ്ങളിൽ മൂന്ന് കാമറകൾ വീതമാണ് സ്ഥാപിച്ചിരിക്കുന്നത്.40 ലക്ഷം രൂപ ചെലവിലാണ് കാമറാ നിരീക്ഷണ പദ്ധതി നടപ്പാക്കിയത്.ഓരോ കാമറ തൂണുകളിലും പ്രത്യേക മീറ്റർ സ്ഥാപിച്ചാണ് കെ.എസ്.ഇ.ബി. വൈദ്യുതി നൽകുന്നത്.നഗരസഭാ കാര്യാലയത്തിലാണ് കാമറകളുടെ മാസ്റ്റർ കൺട്രോൾ റൂം.പൊലീസ് സ്റ്റേഷനിലും പിന്നീട് മോനിട്ടർ സ്ഥാപിക്കും.
-നഗരസഭാ പരിധിയിൽ 32 കേന്ദ്രങ്ങളിൽ
-ചെലവ് 40 ലക്ഷം
-പൊലീസ് സ്റ്റേഷനിലും മോനിട്ടർ സ്ഥാപിക്കും
-ഓരോ കാമറ തൂണുകളിലും പ്രത്യേക മീറ്റർ