തിരുവല്ല: നാല് ഭാഷകളിൽ പത്രമിറക്കി രക്ഷിതാക്കളെയും വിദ്യാഭ്യാസ അധികൃതരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം എന്നീ ഭാഷകളിലാണ് 'ഭാഷാ മിത്ര്'എന്ന പേരിൽ കുട്ടികളുടെ നേതൃത്വത്തിൽ പത്രമിറക്കിയത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പത്രം ലഭിക്കത്തക്കവിധം ഇതിന്റെ 500 കോപ്പികളാണ് അച്ചടിച്ചത്.തുടർന്നുള്ള മാസങ്ങളിലും ഇത് തുടരും.സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന 'സർഗ വിദ്യാലയം' പദ്ധതി പ്രകാരമാണ് ബഹുഭാഷാ പത്രങ്ങളിറക്കാൻ സ്കൂൾ തീരുമാനിച്ചത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം.സ്കൂൾ തലത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,കുട്ടികളുടെ സർഗാത്മക രചനകൾ,സ്പോർട്സ് എന്നിവയ്ക്കായി ഓരോ പേജുകൾ പത്രത്തിൽ മാറ്റിവച്ചിട്ടുണ്ട്.ബഹുവർണത്തിലുള്ള പത്രം വളരെ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.ഇതിലേക്കുള്ള വാർത്തകൾ,സൃഷ്ടികൾ എന്നിവ ഏതെങ്കിലുമൊരു ഭാഷയിലെഴുതാൻ കുട്ടികൾക്ക് അവസരം നൽകി.ഇതിൽനിന്നും തിരഞ്ഞെടുത്തത് പത്രത്തിൽ പ്രസിദ്ധീകരിക്കും.ഒരു ഭാഷാ പത്രത്തിലേക്ക് തയാറാക്കിയ സൃഷ്ടികളിൽ പ്രസക്തമായവ മറ്റ് ഭാഷാ പത്രത്തിലേക്കും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തർജ്ജിമ നിർവഹിച്ചിരിക്കുന്നതും കുട്ടികൾ തന്നെ.എല്ലാ കാര്യങ്ങളിലും അദ്ധ്യാപകരുടെ മേൽനോട്ടവും സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്.

ആദ്യപതിപ്പ് പ്രകാശനം


സ്‌കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് പത്രത്തിന്റെ ആദ്യ പതിപ്പിന്റെ പ്രകാശനവും നടത്തി.സമഗ്രശിക്ഷ കേരള മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ ഭാഷാമിത്രിന്റെ ആദ്യപതിപ്പ് കുട്ടികൾക്കു നൽകി പ്രകാശനകർമ്മം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ, വാർഡ് കൗൺസിലർ ജോയി പരിയാരത്ത്, സ്കൂൾ മാനേജർ പി.ടി പ്രസാദ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ,ബി.പി.ഒ രാഗേഷ്.ആർ,എസ്.എൻ.ഡി.പി യോഗം തിരുവല്ല ടൌൺ ശാഖാ പ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ,സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, ഹൈസ്കൂൾ സ്റ്റാഫ് പ്രതിനിധി ദീപ്തി പി.എം,എൽ.പിസ്കൂൾ പ്രതിനിധി സുധ, സ്റ്റാഫ് സെക്രട്ടറി അജിത.എസ് എന്നിവർ പ്രസംഗിച്ചു.

പത്രത്തിന്റെ ഉള്ളടക്കം മുതൽ പ്രസിദ്ധീകരണം വരെയുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും തുടർന്നുള്ള മാസങ്ങളിലും പത്രമിറക്കാനാണ് തീരുമാനം. ക്ലാസ് തലത്തിലേക്ക് ഇത് വ്യാപിപ്പിക്കും.
ഡി.സന്ധ്യ

സ്കൂൾ പ്രഥനദ്ധ്യാപിക