പത്തനംതിട്ട: വൈദ്യുതി അദാലത്തിൽ ഉദ്യോഗസ്ഥ വീഴ്ചയ്ക്കെതിരെ പരാതികളുടെ കെട്ടഴിച്ച് നാട്ടുകാർ. പോസ്റ്റുകൾ മാറ്റിയിടാത്തത്, ഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയർന്ന തുക ഇൗടാക്കിയത്, വൈദ്യുതി ലൈൻ മാറ്റാത്തത് കാരണം പറമ്പിൽ വീട് വയ്ക്കാനോ കൃഷി ചെയ്യാനോ പറ്റാത്തത് തുടങ്ങിയ പരാതികളായിരുന്നു ഏറെയും.
മകൾക്ക് ഒരു വീട് വച്ച് കൊടുക്കാൻ കഴിയാത്തതിന്റെ വിഷമവുമായാണ് 65കാരനായ ഒാമല്ലൂർ പറയാനാലിൽ ഉൗപ്പമണ്ണിൽ വീട്ടിൽ കുഞ്ഞുപിളളയെത്തിയത്. മകളുടെ കൈത്താങ്ങോടെ എത്തിയ കുഞ്ഞുപിളള തന്റെ സങ്കടം പറഞ്ഞ് വിതുമ്പി. തന്റെ വീടിന്റെ പറമ്പിന് മുകളിലൂടെ കുറുകെ മറ്റൊരു വീട്ടിലേക്കുളള വൈദ്യുതി ലൈൻ വലിച്ചിരിക്കുകയാണ്. ഇത് മാറ്റത്തിത്തരണമെന്ന് 2016ൽ കൈപ്പട്ടൂർ കെ.എസ്.ഇ.ബി ഒാഫീസിൽ പരാതി നൽകിയിരുന്നു. നോക്കാം, എസ്റ്റിമേറ്റ് എടുക്കട്ടെ... എന്നിങ്ങനെ മറുപടികൾ പലത് പറഞ്ഞ് കുഞ്ഞുപിളളയെ മടക്കി വിട്ടു. വീണ്ടും ഒാഫീസുകൾ കയറിയിറങ്ങിയപ്പോൾ 13000രൂപ കെട്ടിവയ്ക്കാൻ കുഞ്ഞുപിളളയോട് ആവശ്യപ്പെട്ടു. അസുഖത്തിന് മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന കുഞ്ഞുപിളളയും മകളും ഒടുവിൽ അദാലത്തിൽ മന്ത്രിക്ക് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തി നടപടിയെടുക്കാമെന്ന് ഉറപ്പ് വീണ്ടും ലഭിച്ചു. മകൾക്ക് എന്നാണ് ഒരു വീട് വയ്ക്കാൻ കഴിയുക എന്ന ചിന്തയിലാണ് കുഞ്ഞുപിളള.
വീട്ടുവളപ്പിലൂടെയുളള വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ നടപടി അഭ്യർത്ഥിച്ചാണ് ഇലവുംതിട്ട കോങ്ങനാലിൽ സദാനന്ദൻ അദാലത്തിനെത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ പിതാവാണ് ലൈൻ വലിക്കാൻ അനുമതി നൽകിയത്. ഇപ്പോൾ ഇത് മാറ്റി സ്ഥാപിക്കാൻ 46715 രൂപ അടയ്ക്കുകയും അടുത്ത വസ്തു ഉടമയുടെ അനുമതി വേണമെന്നുമാണ് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചത്. ഭാരിച്ച ചെലവ് ഒഴിവാക്കി അനുകൂല നടപടിയഭ്യർത്ഥിച്ചാണ് ഇദ്ദേഹം അദാലത്തിനെത്തിയത്.
> എം.എൽ.എമാരും പരാതിക്കാർ
കുറ്റൂർ - മനയ്ക്കച്ചിറ - മുത്തൂർ റോഡിൽ കിഫ്ബിയുടെ ചുമതലയിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തികൾക്ക് തടസമായി റോഡിന്റെ മധ്യഭാഗങ്ങളിലായി നിന്നിരുന്ന എല്ലാ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് അദാലത്തിൽ മന്ത്രിക്ക് മാത്യു ടി. തോമസ് എം.എൽ.എയുടെ പരാതി.
480 ൽ പരം സ്ഥലം ഉടമകൾ സൗജന്യമായി ഭൂമി വിട്ടു നൽകിയതിനെ തുടർന്ന് വീതി കൂട്ടി നിർമിച്ച റോഡിൽ ടാറിംഗ് നടത്തുന്നതിന് മുമ്പ് വൈദ്യുതി പോസ്റ്റുകൾ മാറ്റി വശങ്ങളിൽ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതിലേക്ക് കെ.എസ്.ഇ.ബി തയാറാക്കി നൽകിയ എസ്റ്റമേറ്റ് കിഫ്ബി അംഗീകരിക്കാത്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്.
ഈ വിഷയം അദാലത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകുകയും ചടങ്ങിലെ ആശംസ പ്രസംഗത്തിൽ ആവശ്യം ആവർത്തിക്കുകയും ചെയ്തു.
പോസ്റ്റുകൾ മാറ്റുന്നതിന് വേണ്ടി വരുന്ന തുക പിന്നാലെ അടച്ചു കൊള്ളാം എന്ന് പി. ഡബ്ല്യു.ഡിയിൽ നിന്ന് സമ്മതം എഴുതി വാങ്ങി പണികൾ ഉടനെ നടത്തുമെന്ന ഉറപ്പ് എം.എൽ.എയ്ക്ക് മന്ത്രി എഴുതി നൽകി.
തുമ്പമൺചിറയിൽ സബ് സ്റ്റേഷൻ വേണം
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ തുമ്പമൺചിറയിൽ സബ് സ്റ്റേഷൻ വേണമെന്നായിരുന്നു അദ്ധ്യക്ഷത വഹിച്ച വീണാ ജോർജ് എം.എൽ.എയുടെ പരാതി. ഇക്കാര്യം അനുഭാവപൂർണം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. സബ് സ്റ്റേഷൻ നിർമാണത്തിന് സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റാന്നി തീയാടിക്കൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന രാജു ഏബ്രഹാമിന്റെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, പത്തനംതിട്ട നഗരസഭ കൗൺസിലർ പി.കെ. ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിക്ടർ ടി. തോമസ്, വാളകം ജോൺ, ഷാഹുൽ ഹമീദ്, വി.പി.എബ്രഹാം, സീതത്തോട് മോഹനൻ, കെ.എസ്.ഇ.ബി. ലിമിറ്റഡ് സി.എം.ഡി. എൻ.എസ്. പിള്ള, കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടർ പി. കുമാരൻ, ദക്ഷിണമേഖല ചീഫ് എൻജിനീയർ എസ്. രാജ്കുമാർ എന്നിവർ പങ്കെടുത്തു.