പത്തനംതിട്ട : ശരീരത്തിൽ തുളച്ചുകയറിയ ഇരിമ്പു തകിടുമായി തെരുവുനായ നഗരത്തിലൂടെ അലയുന്നു. രക്ഷിക്കാൻ ആളുകളെത്തുന്നുണ്ടെങ്കിലും ഉപദ്രവിക്കാനാണെന്ന് കരുതി നായ ഒാടിപ്പോവുകയാണ്. മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും പിടികൂടാനായില്ല. രണ്ട് ദിവസമായി വേദന സഹിച്ച് നടക്കുകയാണ് നായ. ഏതോ വാഹനത്തിന്റെ ഭാഗമാണ് ഇരിമ്പ് തകിട്. കാലിന്റെ തുടഭാഗത്താണ് തുളഞ്ഞു കയറിയിരിക്കുന്നത്. മുറിവ് പഴുത്ത് തുടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു നായയും ഉണ്ട്. മുറിവേറ്റ നായയുടെ അടുത്ത് ആരെങ്കിലും എത്തിയാൽ അത് അവരെ ഭയപ്പെടുത്തി ഓടിക്കുകയാണ്. ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ന ഗരസഭാ അധികൃതരും മൃഗസംരക്ഷണ വകുപ്പും പൂർത്തിയാക്കിയെങ്കിലും ഇവരുടെ വാഹനം അടുത്തെത്തിയപ്പോഴേക്കും നായ ഓടി മറഞ്ഞു. ഉപദ്രവിക്കാൻ സാദ്ധ്യതയുള്ളതിനാൽ തിരുവല്ലയിൽ നിന്ന് ആനിമൽ ബെർത്ത് കൺട്രോൾ വിംഗെത്തി വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തെരച്ചിൽ ഇന്നും തുടരും.