ചെങ്ങന്നൂർ: തിട്ടമ്മേൽ വിഷ്ണുമായ ദേവീക്ഷേത്രക്കുളത്തിലെ ചെളിയിൽ പൂണ്ടുപോയ ഹിറ്റാച്ചി കരയ്ക്കുകയറ്റാൻ ഖലാസികളെത്തി. കഴിഞ്ഞ ദിവസം പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിച്ച പാലാ സ്വദേശിയുടെ ഹിറ്റാച്ചി തിട്ടയിടിഞ്ഞ് കുളത്തിൽ വീഴുകയായിരുന്നു. കരയ്ക്കുയറ്റാൻ മൂന്ന് ക്രെയിനുകൾ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്നലെ കോട്ടയം തലയോലപ്പറമ്പിൽ നിന്ന് നൗഷാദിന്റെ നേതൃത്വത്തിലാണ് ഖലാസികളെത്തിയത്. മുൻസിപ്പാലിറ്റിയുടെ 2018-19 കാലയളവിലെ പദ്ധതിപ്രകാരം കുളത്തിന്റെ ആഴംകൂട്ടി സൈഡ് കെട്ടുന്നതിന് രണ്ട് ലക്ഷം രൂപ നേരത്തെ വകയിരുത്തിയിരുന്നു. എന്നാൽ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. വാർഡ് കൗൺസിലർ രാജൻ കർണ്ണാട്ടിന്റെ ശ്രമഫലമായി കഴിഞ്ഞവർഷത്തെ സ്പിൽവർക്കായാണ് ഇപ്പോൾ പണിനടക്കുന്നത് കുളത്തിന് ആഴംകൂട്ടി സൈഡുകെട്ടി ശുദ്ധജല സ്രോതസായി സംരക്ഷിക്കുകയാണ് ലക്ഷ്യം.