പത്തനംതിട്ട: വടശേരിക്കര പേഴുംപാറ കാവനാൽ നിവാസികളുടെ 10 വർഷത്തെ വിഷമാവസ്ഥയ്ക്ക് വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ശുഭപര്യവസാനം. തങ്ങളുടെ വീടിന് മുകളിലൂടെയുള്ള ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. അവസാനമാണ് പരാതിയുമായി വൈദ്യുതി മന്ത്രിയുടെ അദാലത്തിനെത്തിയത്.
കാവനാൽ പ്രദേശത്ത് ഭൂരിഭാഗം പേർക്കും സ്വന്തമായി വീട് വയ്ക്കുന്നതിന് 10 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്തു കൂടിയാണ് മാടമണിൽ നിന്ന് 11 കെ.വി ലൈൻ കടന്നു പോകുന്നത്. ഇത് നിലവിലുള്ള വീടുകൾക്കും, പുതുതായി വീട് വയ്ക്കുന്നവർക്കും സുരക്ഷിതത്വമില്ലായ്മ ആണെന്നും അതിനാൽ ലൈൻ മാറ്റി സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികൾ പരാതിപ്പെട്ടത്. പ്രദേശത്തെ ഭൂരിഭാഗം പേരും ബി.പി.എൽ വിഭാഗത്തിൽ പെട്ടവരാണ്. ലൈൻ മാറ്റുന്നതിനു വേണ്ടി വരുന്ന 2,83,576 രൂപ വൈദ്യുതി ബോർഡിന്റെ ചെലവിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.