മണ്ണടി: മണ്ണടി ദേവീക്ഷേത്രത്തിലെ ഉച്ചബലി മഹോത്സവം ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് 5.30-ന് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും ചൂട്ടു കറ്റകളുടെയും ദേവീ ഭക്തരുടെയും അകമ്പടിയോടെ പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് തിരുമുടി പുറപ്പെട്ടു. പരമ്പരാഗത പാതയായ ആവണംപാറ വഴിയാണ് തിരുമുടി ക്ഷേത്രത്തിൽ എത്തിയത്. വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന വിശേഷ നിവേദ്യം ഈ സമയം തയ്യാറാക്കി വച്ചു. പൊട്ടു വാഴക്ക, ഉണക്കലരി, കൊത്തച്ചക്ക, തേങ്ങാപ്പൂള് എന്നിവ ചേർത്താണ് നിവേദ്യം തയ്യാറാക്കിയത്. തിരുമുടി ദർശനത്തിനു ശേഷം രാത്രി 12 ന് പഴയകാവ് ക്ഷേത്രത്തിന് മുൻവശത്തുള്ള പേച്ച് കളത്തിലേക്ക് എഴുന്നെള്ളിയ ദേവി വേതാളക്കല്ലിൽ താളം ചവിട്ടി ശക്തി സ്വരൂപിണിയായി ദാരികനിഗ്രഹം നടത്തി. ദേവിയുടെ രൗദ്രഭാവത്തിന് ശാന്തത വരുത്തുന്നതിനായി അടവിയും ബലിക്കുടയും നടന്നു.
ഉച്ചബലിക്ക് സമാപനം കുറിച്ച് തിരുമുടി ഇന്ന് രാവിലെ എട്ടിന് ദേശാർത്തിയിലൂടെ സഞ്ചരിച്ച് മണ്ണടി നിലമേൽ ആൽത്തറയിൽ എത്തിച്ചേരും. പറയിടീലിനു ശേഷം തിരുമുടി അൽത്തറയിൽ നിന്ന് മുടിപ്പുര ദേവീ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതോടെ ഉച്ചബലി സമാപിക്കും. മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവം എല്ലാ വർഷവും കുംഭമാസത്തിലാണ് നടക്കുന്നത്. ഉത്സവത്തിന് നിശ്ചിതപ്പെടുത്തിയ ദിവസമോ തീയതിയോ ഇല്ല എന്നതാണ് പ്രത്യേകത. ഗണക കുടുംബത്തിലെ ആളുകൾ കുംഭം ഒന്നിന് ക്ഷേത്രത്തിൽ ഒത്തുചേർന്ന് കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള ആൾ ഗണിക്കുന്ന വെളളിയോ ചൊവ്വയോ വരുന്ന ദിവസമാണ് ഉത്സവം നടത്തുന്നത്.