തൊടുപുഴ: എം.ജി സർവകലാശാലാ കലോത്സവം- 'ആർട്ടിക്കിൾ 14' നാളെ മുതൽ മാർച്ച് രണ്ട് വരെ തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കും. അഭിമന്യു നഗറിൽ നടക്കുന്ന കലോത്സവത്തിൽ 192 കോളേജുകളിൽ നിന്നായി പതിമൂവായിരത്തോളം പേർ മാറ്റുരയ്ക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ എട്ടു വേദികളിലായി 60 ഇനങ്ങളിലാണ് മത്സരം. ഇതാദ്യമായി ട്രാൻസ്ജെൻഡേഴ്‌സും സർവകലാശാലാ കലോത്സവത്തിൽ പങ്കെടുക്കും. ഇവർ ഭരതനാട്യം, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, ഇംഗ്ലീഷ് കവിതാരചന എന്നിവയിലായിരിക്കും മത്സരിക്കുക. ഏറ്റവും കൂടുതൽ മത്സരാർഥികൾ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്. ഇതുവരെ 102 പേരാണ് രജിസ്റ്റർ ചെയ്തത്. കുട്ടിക്കാനം മരിയൻ കോളേജാണ് മത്സരാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ആതിഥേയ ജില്ലയായ ഇടുക്കിയിലെ 25 ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിലാണ് മുഖ്യവേദി. വേദി രണ്ട്- ദാക്ഷായണി വേലായുധൻ നഗർ, വേദി മൂന്ന്- ഫക്രുദീൻ അലി നഗർ, വേദി നാല്- സനാവുള്ള ഖാൻ നഗർ, വേദി അഞ്ച്- ജെ.എൻ.യു നഗർ, വേദി ആറ്- ഗൗരി ലങ്കേഷ് നഗർ, വേദി ഏഴ്- ഫാത്തിമ ലത്തീഫ് നഗർ, വേദി എട്ട്- സൈമൺ ബ്രിട്ടോ നഗർ എന്നിങ്ങനെയാണ് മറ്റു പേരുകൾ. ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് കലയും ഒരു പ്രതിരോധമാണെന്ന സന്ദേശമാണ് ഇതിലൂടെ സംഘാടകർ നൽകുന്നത്. വ്യാഴാഴ്ച വൈകിട്ട് നാലിന് മുഖ്യവേദിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷനാവും. ഉദ്ഘാടന ശേഷം ഈ വേദിയിൽ തിരുവാതിരകളിമത്സരം ആരംഭിക്കും. രണ്ടാം വേദിയിൽ മൈം, മൂന്നാം വേദിയിൽ ഭരതനാട്യവും (ആൺ) അരങ്ങേറും. സംഘാടക സമിതി ജനറൽ കൺവീനർ തേജസ് കെ. ജോസ്, എം.ജി. സർവകലാശാലാ യൂണിയൻ ചെയർമാൻ അമൽരാജ്, ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ബാസ്, വൈസ് ചെയർമാൻ അമൽ സുധാകരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടിജു തങ്കച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കലോത്സവത്തിന് മുന്നോടിയായി നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ വിളംബര ജാഥ തൊടുപുഴയിൽ നടന്നു. ജാഥയുടെ സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.