വടശേരിക്കര: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് അക്കാദമിക നിലവാരം ഉയർന്നതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ടി.ടി.ടി.എം മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. അയ്യായിരം കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മാർച്ച് ആദ്യത്തോടെ സ്കൂളുകളെല്ലാം ഹൈടെക് ആകും. 790 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതിന്റെ 70ശതമാനവും ചെലവഴിച്ചു. അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് സ്കൂളുകൾ സമ്പൂർണ ഹൈടെക് ആകും. ഒാരോ ക്ളാസിനും ലൈബ്രറികളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ. സാമുവേൽ മാർ എെറേനിയോസ് മെത്രാപ്പൊലീത്ത അനുഗ്ര പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ തോമസ് കോശി അവാർഡുകൾ വിതരണം ചെയ്തു.പ്രിൻസിപ്പൽ എൻ.വി മോഹൻദാസ്,ഹെഡ്മിസ്ട്രസ് ലിനു തോമസ് തുടങ്ങിയവർ സംസാരിച്ചു.