ചെങ്ങറ: ബാലാവകാശ കമ്മിഷൻ അംഗങ്ങൾ ചെങ്ങറ സമരഭൂമി സന്ദർശിച്ചു. ചെങ്ങറ സമരഭൂമിയിലെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് 2014 ലെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച്ച ഉണ്ടായതായി ആരോപിച്ച് ഏകതാ പരിഷത്ത് പത്തനംതിട്ട ജില്ലാക്കമ്മിറ്റി പ്രസിഡന്റ് ബിനു.എസ് ചക്കാലയിൽ,അംഗം ശ്രീജിത്ത് കൃഷ്ണൻകുട്ടി എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് ബാലാവകാശക്കമ്മീഷൻ അംഗങ്ങളായ നസീർ,സി.ജെ ആന്റണി എന്നിവർ സമരഭൂമിയിൽ സന്ദർശനം നടത്തിയത്.സമരഭൂമിയിലെ കുട്ടികളെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച കമ്മീഷൻ അംഗങ്ങൾ ചെങ്ങറയിലെ കുട്ടികളുടെ അവകാശങ്ങൾ നൽകാൻ മുൻകൈയെടുക്കുമെന്ന് അറിയിച്ചു. 2014ൽ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഉത്തരവനുസരിച്ച് ജനന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. ചെങ്ങറയിൽ സമഗ്രമായ സർവേ നടത്താൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ സാമൂഹ്യനീതി വകുപ്പിനെയും ജില്ലാ ചൈൽഡ് വെൽഫെയർ വകുപ്പിനെയും ചുമതലപ്പെടുത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.വൈദ്യതിയും വെള്ളവും നൽകുന്നതിന് അതാത് ബോർഡ് ചെയർമാൻമാരെ നേരിൽ കാണും. അഡ്വ.മറിയാമ്മ തോമസ് ,ശ്രീദേവി ബാലകൃഷണൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.