ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ മുട്ടത്തുകോണം, പുല്ലാമല, തുണ്ടി തെക്കേൽ മുരുപ്പ്, പ്രക്കാനം, കാളിഘട്ട്, മുട്ടുകുടുക്ക, നടുവത്തുകാവ്, ഉമ്മിണിക്കാവ് ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പു ലൈൻ വഴി വെള്ളം എത്തിക്കുവാൻ സാധിക്കുന്നില്ല. വെള്ളമില്ലാതെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി. രാഷ്ട്രീയ, യുവജന സംഘടനകൾ ഈ പ്രദേശങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ല. മുൻ വർഷങ്ങളിൽ വേനൽക്കാലത്ത് ടാങ്കറിൽ കുടിവെള്ള വിതരണം നടത്താറുണ്ടായിരുന്നു. ഇത്തവണയും ജലവിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് പറഞ്ഞു. ഉയർന്ന പ്രദേശമായ തുണ്ടി തെക്കേൽ ഭാഗത്ത് കിണറുകൾ വറ്റിത്തുടങ്ങിയതായി നാട്ടുകാരനായ അഖിലേഷ് വി സുരേന്ദ്രൻ പറഞ്ഞു. പൈപ്പുലൈൻ നിരന്തരം പൊട്ടുന്നതിനാൽ മാസത്തിൽ 5 ദിവസം പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.