പത്തനംതിട്ട : ചൂട് കൂടിയതോടെ നിരവധി തീപിടിത്തങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുണ്ട്. തീ അണയ്ക്കാൻ ഫയർഫോഴ്സ് ടാങ്കറിലെത്തിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. വാട്ടർ അതോറിട്ടി സ്ഥാപിക്കേണ്ട ഫയർ ഹൈഡ്രന്റുകൾ ജില്ലയിൽ ഒരിടത്തും പേരിനു പോലും ഇല്ല. തിരുവല്ല, അടൂർ, പത്തനംതിട്ട, കോന്നി, റാന്നി തുടങ്ങി തിരക്കേറിയ നിരവധി നഗരങ്ങൾ ജില്ലയിലുണ്ട്. ഇവിടെയൊന്നും ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടില്ല. ഫയർഫോഴ്സ് കൊണ്ടു വരുന്ന വെള്ളത്തിന്റെ ആകെ കപ്പാസിറ്റി 4500 ലിറ്റർ ആണ്. വലിയ തീപിടിത്തം ഉണ്ടായാൽ ഇത് തികയാതെ വരും. ശബരിമല സന്നിധാനത്തും പമ്പയിലും ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും വേഗതയേറിയ സംവിധാനമായിട്ടും ജില്ലയിൽ പേരിന് പോലും ഒരു ഹൈഡ്രന്റുകൾ സ്ഥാപിക്കാത്തത് കനത്ത അനാസ്ഥയാണ്.

2017 ൽ ജില്ലാ ഫയർഫോഴ്സ് ഓഫീസർ മുനിസിപ്പാലിറ്റിയ്ക്കും ഉദ്യോഗസ്ഥർക്കും ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. നടപടികൾ ഒന്നും തീരുമാനമായില്ല.

2020ൽ 2 മാസം കൊണ്ട് 242 തീപിടിത്തങ്ങൾ.

" തിരക്കുള്ള നഗരങ്ങളിലെല്ലാം ഹൈഡ്രന്റുകൾ സ്ഥാപിച്ചാൽ വളരെ നല്ലതാണ്. ഫയർഫോഴ്സിന് എത്തിയ്ക്കാവുന്ന വെള്ളത്തിന് പരിധിയുണ്ട്. അപകടമുണ്ടായാൽ ടാങ്കറിൽ വെള്ളം നിറച്ച് വരുമ്പോഴേക്കും തീ നിയന്ത്രണതീതമായി മാറും. ബഹുനിലകെട്ടിടങ്ങളിൽ മുകളിലും താഴെയും സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയിൽ വെള്ളമുണ്ടോയെന്നും അവ പ്രവർത്തന ക്ഷമമാണെന്നും ഉറപ്പു വരുത്തണം."

വി. വിനോദ് കുമാർ

ജില്ലാ ഫയർഫോഴ്സ് ഓഫീസർ

"ജില്ലയിൽ ഹൈഡ്രന്റുകൾ ഇല്ല. പകരം ടാങ്കർ ഫില്ലർ സ്റ്റേഷനുകൾ ഉണ്ട്. ആകെ 27 ഫില്ലർ സ്റ്റേഷനുകൾ ജില്ലയിൽ ഉണ്ട്. എട്ട് ഫില്ലർ സ്റ്റേഷൻ പത്തനംതിട്ടയിലും 19 എണ്ണം തിരുവല്ലയിലുമാണ്. "

വാട്ടർ അതോറിട്ടി അധികൃതർ

ഹൈഡ്രന്റുകൾ

പെട്ടന്നുണ്ടാകുന്ന അപകടങ്ങൾക്ക് റോഡിൽ തന്നെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ഹൈഡ്രന്റുകൾ. വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലാണ് ഹൈഡ്രന്റുകൾ സ്ഥാപിക്കുക. ഏത് സമയവും വെള്ളം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. വാട്ടർ അതോറിട്ടിയ്ക്കാണ് ഇത് സ്ഥാപിക്കാനുള്ള ചുമതല. ഫയർ എൻജിനുകളിലെ വെള്ളം തികയാത്ത സാഹചര്യത്തിലാണ് ഇത് ഉപകാരപ്പെടുക. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രത്യേക വീൽ ഉപയോഗിച്ചാണ് ഇത് തുറക്കുന്നത്. ഉദ്യോഗസ്ഥർക്കാണ് ഇതിനുള്ള അനുമതിയുള്ളത്.