കടമ്പനാട് : പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണം പൂർത്തീകരിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചിട്ട് ഒൻപത് മാസം പിന്നിട്ടിട്ടും നടപടിയായില്ല. വിവിധ വകുപ്പുകൾ വഴി ഭവനനിർമ്മാണധനസഹായം കൈപ്പറ്റിയിട്ടും വീട് പൂർത്തീകരിക്കാൻ കഴിയാത്തവർ, മേൽക്കൂര നിർമ്മിക്കാൻ കഴിയാത്തതിനാൽ ധനസഹായത്തിന്റെ അവസാന ഗഡുകൈപ്പറ്റാൻ കഴിയാത്തവർ, മറ്റു കാരണങ്ങളാൽ വീട് പണി മുടങ്ങിയവർ എന്നിവർക്കാണ് പ്രത്യേക പദ്ധതിയിലൂടെ ധനസഹായം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

2019 - 20 സാമ്പത്തികവർഷം 5000 ഗുണഭോക്താക്കൾക്ക് ധനസഹായം നൽകും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ പട്ടികജാതി ഒാഫീസിലെത്തുന്നവർ നിരാശരായി മടങ്ങുകയാണ്.

ജില്ലയിലെ എട്ട് ബ്ളോക്ക് പട്ടികജാതി വികസന ഒാഫീസുകളിലൂടെയും തിരുവല്ല മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഒാഫീസുവഴിയും ലഭിച്ചത് 2547 അപേക്ഷകളാണ്. വിവിധ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് അപേക്ഷ സമർപ്പിച്ചത്. നാല് മാസം മുൻപ് മുഴുവൻ അപേക്ഷകരോടും ചെയ്യേണ്ട പ്രവർത്തികളുടെ വിശദമായ എസ്റ്റിമേറ്റ് ലൈസൻസ്ഡ് എൻജിനിയർ സാക്ഷ്യപെടുത്തി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അപേക്ഷകർ എസ്റ്റിമേറ്റും ഹാജരാക്കി. 1500 രൂപയോളം ചെലവാക്കിയാണ് ഒാരോരുത്തരും എസ്റ്റിമേറ്റ് തയാറാക്കി നൽകിയത് .

ലൈഫ് ഭവനപദ്ധതി വന്നപ്പോൾ പട്ടികജാതിവകുപ്പ് വഴിയുള്ള ധനസഹായം നിറുത്തലാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ പഴയ പദ്ധതികളിലെ വീട് നിർമ്മാണം പൂർത്തീകരിക്കാൻ ധനസഹായം പ്രഖ്യാപിച്ചത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു.

---------------

പട്ടികജാതി വകുപ്പ് വഴി വീടുവയ്ക്കുന്നതിന് നൽകുന്ന ധനസഹായം നിറുത്തലാക്കിയത് അടിയന്തരമായി പുന:പരിശോധിക്കണം.

അജോമോൻ വള്ളിയാട്ട്

ബ്ലോക്ക് പഞ്ചായത്തംഗം

പറക്കോട്

---------------

അന്ന്

2019 - 20 സാമ്പത്തികവർഷം 5000 ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ

ഇന്ന്

ധനസഹായത്തിന് അപേക്ഷ വാങ്ങാൻ അറിയിപ്പ് ലഭിച്ചതേയുള്ളു. അതിന് ശേഷം സർക്കാർ ഒന്നും അറിയിച്ചിട്ടില്ലെന്ന് പട്ടികജാതി വികസന ഒാഫീസ് അധികൃതർ

-------------------------

അപേക്ഷിച്ചത് 2547 കുടുംബങ്ങൾ

---------

ലഭിച്ച അപേക്ഷകൾ

ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ വഴി ലഭിച്ച അപേക്ഷകൾ- പന്ത​ളം - 731, പറക്കോട്-750, മല്ല​പ്പള്ളി-85, പുളി​ക്കീ​ഴ് -143, കോയി​പ്രം-116, ഇല​ന്തൂർ- 240, റാന്നി-​305, കോ​ന്നി - ​75, തിരുവല്ല നഗര​സഭ​-102