ഇളമണ്ണൂർ: വർഷം മുഴുവനും ജലക്ഷാമം നേരിടുന്ന ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട 12-ാം വാർഡിലെയും വേടമലയിലെയുംപെരുന്തോയിക്കൽ ഭാഗത്തെയും ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് പെരുന്തോയിക്കൽ ശുദ്ധജല വിതരണ പദ്ധതി.എന്നാൽ ഇപ്പോൾ പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം മലിനമെന്ന് ആക്ഷേപം. പെരുന്തോയിക്കൽ ഭാഗത്തുള്ള കുളം വൃത്തി ഹീനമാണ്. നിറയെ പായൽ നിഞ്ഞു കിടക്കുന്ന കുളത്തിൽ സമീപത്തെ വൃക്ഷങ്ങളുടെ ചില്ലകളും ഇലകളും വീണ് അഴുകി കിടക്കുകയാണ്. കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം നിലം പതിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.സംരക്ഷണ വേലി ഇല്ലാത്തതിനാൽ തെരുവുനായ്ക്കളും ഇഴ ജന്തുക്കളും കുളത്തിൽ വീഴുന്നതും പതിവാണ്. കുളത്തിനു നടുവിൽ കിണർ കൂടി കുഴിച്ചാണ് രണ്ട് മലകളിൽ സംഭരണികൾ സ്ഥാപിച്ച് പദ്ധതി നടപ്പാക്കിയത്. കുളം വലയിട്ടു മൂടുമെന്ന ഉറപ്പും അധികൃതർ പാലിച്ചിട്ടില്ല.കുളം നവീകരിച്ച് സുരക്ഷതമാക്കുകയും ശുദ്ധമായ വെള്ളം വിതരണം നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പദ്ധതിയുടെ മോട്ടറുകളിൽ ഒന്ന് കേടായതിനെ തുടർന്ന് വേടൻ മലയിൽ സുഗമമായി വെള്ളം എത്തിയിട്ട് രണ്ട് വർഷം പിന്നീടുന്നു.വേനൽ കാലത്ത് പ്രദേശം കൊടിയ ജലക്ഷാമം നേരിടുമ്പോഴും മോട്ടോറിന്റെ കേടുപാട് പരിഹരിച്ച് ജല വിതരണം സാദ്ധ്യമാക്കാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളം വൃത്തിയാക്കാനുള്ള ശ്രമവും തടഞ്ഞു
കുളം വൃത്തിഹീനമായി പദ്ധതിയിലൂടെ എത്തുന്ന ജലം ഉപയോഗിക്കുവാൻ സാധിക്കാതായതോടെ പ്രദേശത്തെ ജനങ്ങൾ ഒത്തുകൂടി പണം സ്വരൂപിച്ചു .കുളം വൃത്തിയാക്കാനും വലയിട്ടു സംരക്ഷിക്കാനും ശ്രമിച്ചപ്പോൾ ഗുണഭോക്ത സമിതി അംഗങ്ങൾ തടയുകയാണ് ഉണ്ടായത്. ഇത് ഞങ്ങൾ ചെയ്തോളാമെന്നു ഇവർ വാദിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ശുദ്ധജല വിതരണ പദ്ദതിയുടെ കുളത്തിന്റെ അവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്തിന്റെ അടിസ്ഥാനത്തിൽ 2019 -2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 150500 രൂപ വകയിരുത്തി പദ്ധതിരൂപീകരിച്ചിട്ടുണ്ടെന്നു എസ്റ്റിമേറ്റ് നടപടികൾ നടന്നു വരികയാണെന്ന് തിരുവനന്തപുരം പഞ്ചായത്തു ഡിറക്ടറുടെ കാര്യാലയത്തിൽ നിന്നും മറുപടി ലഭിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടി ഉണ്ടായില്ല.
സന്തോഷ് കുമാരൻ ഉണ്ണിത്താൻ
(സാമൂഹ്യ പ്രവർത്തകൻ)
-ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട 12-ാം വാർഡിൽ
കുളം വൃത്തിയാക്കിയിട്ട് 10 വർഷം