അടൂർ : ഇഷ്ടമില്ലാത്ത സർവീസ് അടിച്ചേൽപ്പിച്ചാൽ അത് എങ്ങനെയും തകർക്കുമെന്ന നിലപാടാണ് അടൂർ ഡിപ്പോ അധികൃതരുടേത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമണ് കഴിഞ്ഞ വർഷം മേയ് 31ന് ആരംഭിച്ച അടൂർ - മണിപ്പാൽ സെമി സ്ളീപ്പർ ഡീലക്സ് എയർ ബസിന്റേത്. ഡിപ്പോ തുടങ്ങിയ കാലം മുതലുള്ള നാട്ടുകാരുടേയും യാത്രക്കാരുടെയും ആഗ്രഹമായിരുന്നു അടൂരിൽ നിന്നും ഒരു അന്തർ സംസ്ഥാന സർവീസ് എന്നത്. നടത്തിയ നീക്കളൊക്കെ തുടക്കത്തിലെ പൊളിച്ചു. ഡിപ്പോയോട് എന്നും അധികൃതർ കാട്ടിയ ചിറ്റമ്മനയമായിരുന്നു അതിന് കാരണം. ഒടുവിൽ വാഗ്ദ്ധാനം ചെയ്ത അന്തർ സംസ്ഥാനസർവീസ് ലാഭകരമാകില്ലെന്ന് പറഞ്ഞ് തിരസ്ക്കരിച്ച ആളാണ് ഇപ്പോഴത്തെ അടൂർ എ.ടി.ഒ. നിറുത്തിവച്ചിരുന്ന തിരുവനന്തപുരം - മണിപ്പാൽ സർവീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനമെടുത്തതോടെ പ്രസ്തുത സർവീസ് അടൂർ ഡിപ്പോയ്ക്ക് ലഭ്യമാക്കാൻ വിവിധ തലങ്ങളിൽ നിന്നുള്ള സമ്മർദ്ദം തുടങ്ങി. ഒടുവിൽ എ.ടി.ഒ മാരുടെ യോഗത്തിൽ വച്ച് ഇപ്പോഴത്തെ കെ.എസ്. ആർ.ടി.സി എം. ഡി ദിനേശ് അടൂർ ഡിപ്പോയ്ക്ക് സർവീസ് ലഭ്യമാക്കാം എന്ന നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും ലാഭകരമാകില്ലെന്ന് പറഞ്ഞ് നിലവിലുള്ള എ.ടി.ഒ നിർദ്ദേശം തിരസ്ക്കരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കൊട്ടാരക്കര ഡിപ്പോയ്ക്ക് സർവീസ് അനുവദിച്ച് ഉത്തരവായി. വിവരം അറിഞ്ഞ ചിറ്റയം ഗോപകുമാർ എം.എൽ.എ ഇൗ സർവീസ് അടൂർ ഡിപ്പോയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അതേ ദിവസം തന്നെ നിവേദനം നൽകുകയും വിവരം കെ.എസ്.ആർ.ടി.സി മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. മന്ത്രിയുടെ നിർദ്ദേശവും എം.എൽ.എ യുടെ ശക്തമായ സമ്മർദ്ദത്തേയും തുടർന്ന് കൊട്ടാരക്കര ഡിപ്പോയ്ക്കുള്ള നൽകികൊണ്ടുള്ള ഉത്തരവ് അതേ ദിവസം തിരുത്തി അടൂർ ഡിപ്പോയ്ക്ക് ലഭ്യമാക്കി പുതിയ ഉത്തരവിറങ്ങി. ഒാർക്കാപ്പുറത്ത് കിട്ടിയ പ്രഹരമായി ഇത് ഉദ്യോഗസ്ഥർക്ക്.സർവീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടവർ എങ്ങനെയും സർവീസ് തുടങ്ങാതിരിക്കാനുള്ള അടവുകൾ പലതും പയറ്റി.ദിവസങ്ങളോളം ചവിട്ടിനീക്കിയ ആ അടവുകൾ എതൊക്കെയെന്ന് നാളെ.