പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്തിയ വാഹനം കൈകാണിച്ചു നിറുത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ടിപ്പർ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഡ്രൈവർ ഓതറ തൈമറവുംകര ചേലാമോടിയിൽ കീക്കാട്ടിൽ വീട്ടിൽ സിബിൻ കെ. മാത്യു (32), സഹായി ഇരവിപേരൂർ കോഴിമലയിൽ അരുൺകുമാർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6.30 ന് തിരുവല്ല കിഴക്കൻ ഓതറയിലാണ് സംഭവം. സ്ഥിരമായി പച്ചമണ്ണ് കടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവീനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുന്നവേലി ഭാഗത്ത് നിന്ന് ഓതറയിലേക്ക് പച്ചമണ്ണ് കയറ്റിവന്ന കെ.എൽ - 14, എച്ച് 9994- രജിസ്ട്രേഷനിലുള്ള ടിപ്പർ ലോറി പൊലീസ് പിടികൂടി.
തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രഞ്ജിത്തും നവീനും പൊലീസ് ബൈക്കിലാണ് കിഴക്കൻ ഓതറയിൽ എത്തിയത്. ഇൗ സമയം പച്ചമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി കാണുകയും നവീൻ ബൈക്കിൽ നിന്ന് ഇറങ്ങി കൈകാണിച്ചു നിറുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ടിപ്പർ നിറുത്താതെ പൊലീസ് ഉദ്യോഗസ്ഥന്റെ നേരെ പാഞ്ഞുവന്ന് കടന്നുപോയി. നവീൻ ഒാടി മാറിയതിനാൽ അപകടം ഒഴിവായി. വിവരം അറിയിച്ചതനുസരിച്ച് തിരുവല്ല എസ്.ഐ സലീമും സംഘവും കല്ലിശേരി ഭാഗത്ത് വച്ച് ലോറി തടഞ്ഞ് പ്രതികളെ പിടികൂടി. ടിപ്പർ കസ്റ്റഡിയിലെടുത്തു.
സിബിൻ പച്ചമണ്ണ് അനധികൃതമായി കടത്തിവരുന്ന സംഘത്തിലെ കണ്ണിയും രണ്ടാം പ്രതി അരുൺകുമാർ നിരവധി അബ്കാരി കേസുകളിലെ പ്രതിയുമാണ്.
പൊലീസ് ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവം വളരെ ഗൗരവമായി കണ്ട് ശക്തമായ നടപടികൾ സ്വീകരിക്കും. പച്ചമണ്ണ്, മണൽ എന്നിവയുടെ അനധികൃത കടത്തിന് തടയിടും. പരിശോധനകൾ വ്യാപകമാക്കും.
കെ.ജി. സൈമൺ,
ജില്ലാ പൊലീസ് മേധാവി
ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പച്ചമണ്ണ്, മണൽ കടത്തുമായി ബന്ധപെട്ട് 54 കേസുകൾ രജിസ്റ്റർ ചെയ്തു. ജെസിബി,ടിപ്പർ എന്നിവയുൾപ്പെടെ 57 വാഹനങ്ങൾ പിടികൂടി, 57 പ്രതികളെ അറസ്റ്റ് ചെയ്തു.