പത്തനംതിട്ട: പത്തനംതിട്ട പ്രസ്‌ക്ലബ് , സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി ലഹരിവർജ്ജന മിഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി ചേർന്നു നടത്തുന്ന സൗഹൃദ ക്രിക്കറ്റ് മത്സരങ്ങൾ ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിക്കും.

ലഹരിക്കെതിരെ കായികലഹരി എന്ന സന്ദേശവുമായി നടത്തുന്ന രണ്ടു ദിവസത്തെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എ, ബി ഗ്രൂപ്പുകളിലായി ആറ് ടീമുകൾ മത്സരിക്കുമെന്ന് പ്രസ്‌ക്ലബ് സെക്രട്ടറി ബിജുകുര്യനും എക്‌സൈസ് പത്തനംതിട്ട റേഞ്ച് സി.ഐ കെ. മോഹനനും അറിയിച്ചു.
രാവിലെ ഏഴിന് പ്രഥമ മത്സരത്തിൽ ജില്ലാ കളക്ടർ പി.ബി. നൂഹ് നയിക്കുന്ന കളക്ടേഴ്‌സ് 11 ടീം പോസ്റ്റൽ 11 മായി ഏറ്റുമുട്ടും. 8.30ന് രണ്ടാം മത്സരത്തിൽ മാദ്ധ്യമ പ്രവർത്തകരടങ്ങുന്ന മീഡിയ 11 ഡോക്ടേഴ്‌സ് 11മായി മത്സരിക്കും.
വൈകുന്നേരം നാലിന് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
എം.എൽ.എമാരായ മാത്യു ടി.തോമസ്, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ എന്നിവരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന പൊളിറ്റീഷ്യൻ 11 ഡോക്ടേഴ്‌സ് 11 മായി തുടർന്ന് മത്സരിക്കും.
നാളെ രാവിലെ ഏഴിന് പോസ്റ്റൽ 11, എക്‌സൈസ് 11 ടീമുകളും 8.30ന് കളക്ടേഴ്‌സ് 11, എക്‌സൈസ് 11 ടീമുകളും ഏറ്റുമുട്ടും. വൈകുന്നേരം പൊളിറ്റീഷ്യൻസ് 11, മീഡിയ 11 ടീമുമായുള്ള മത്സരത്തോടെ ലീഗ് മത്സരങ്ങൾ അവസാനിക്കും. തുടർന്ന് രണ്ട് ഗ്രൂപ്പുകളിലെയും ചാമ്പ്യൻമാർ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. സമാപന സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ സമ്മാനദാനം നിർവഹിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.