ചെങ്ങന്നൂർ : ജനങ്ങൾ വിശ്വാസ പൂർവം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി എ.സി മൊയ്തീൻ. മുളക്കുഴ പഞ്ചായത്ത്​ ആധുനിക സൗകര്യങ്ങോളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, ഐ.എസ്.ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്ക്​ സേവനങ്ങൾ ഉറപ്പാക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ആധുനിക രീതിയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പഞ്ചായത്ത്​ സെക്രട്ടറി ജാനി മോൻ എസ്.മന്ത്രിയിൽ നിന്നും ഐ.എസ്.ഒ സർടിഫിക്കറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ മുൻ പഞ്ചായത്ത്​ അംഗങ്ങളെ ആദരിച്ചു.1.58 കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച 7300 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ പഞ്ചായത്ത്​ ഓഫീസ് സമുച്ചയത്തിൽ അംഗപരിമിതർക്കുള്ള ഹെൽപ്പ് ഡെസ്​ക്, മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറി, മുൻകാല ഫയലുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് ആധുനിക രീതിയിലുള്ള സ്റ്റോർമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.ജനകീയ ​ക്ഷേമ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചതിലൂടെയാണ് ഐ.എസ്.ഒ നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചത്. ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ്​ ജി. വേണുഗോപാൽ, ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ് പ്രസിഡന്റ്​ ജി. വിവേക്, മുളക്കുഴ പഞ്ചായത്ത്​ പ്രസിഡന്റ്​ രശ്മി രവീന്ദ്രൻ,വൈസ് പ്രസിഡന്റ്​ എൻ.എ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.