തിരുവല്ല: പത്തനംതിട്ട ജില്ലയിലെ വാഹനാപകട സാധ്യത ഏറിയ ഏഴിടങ്ങളിൽ നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരം തേടുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. നടപടികളുടെ ഭാഗമായി സ്ഥല പരിശോധനകൾക്ക് തുടക്കം കുറിച്ചു. ഹൈ പ്രയോറിറ്റി ആക്സിഡന്റ് ബ്ലാക്ക് സ്പോർട്ട് എന്നാണ് നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ) ഈ ഏഴ് ഇടങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. 2016, 17, 18 വർഷങ്ങളിലെ അപകടങ്ങൾ വിലയിരുത്തിയാണ് ബ്ലാക്ക് സ്പോർട്ടുകൾ കണ്ടെത്തിയത്. നാറ്റ് പാക്, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ സംഘമാണ് ബ്ലാക്ക് സ്പോർട്ടുകൾ കണ്ടെത്തിയത്. ഈ വിഭാഗങ്ങളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്ഥല സന്ദർശനം ഇന്നലെ ആരംഭിച്ചു. നടപടിയുടെ ഭാഗമായി അതാത് മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിലെ അപകടങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ശേഖരിക്കും. അപകട മേഖലയിലെ റോഡുകളിൽ ഉപരിതല പഠനം നടത്തും. ഇതിന് ശേഷമാകും സർവ്വേ നടപടികൾ ആരംഭിക്കുക. തുടർന്ന് റോഡ് സേഫ്റ്റി അതോറിറ്റി വഴി പ്രശ്നപരിഹാര മാർഗങ്ങൾ സർക്കാരിന് സമർപ്പിക്കും. പൊതു മരാമത്ത് വകുപ്പിനാകും പദ്ധതിയുടെ ചുമതല. നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് എസ്. ഷാഹിറ, പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസർ കെ.എം സെയ്ദ് മുഹമ്മദ്, ടെക്നിക്കൽ ഓഫീസർ സുരേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തിൽ മറ്റ് വകുപ്പുകളെ കൂടി ഉൾപ്പെടുത്തി ജില്ലയിലെ ഏഴ് ബ്ലാക്ക് സ്പോർട്ടുകൾ സന്ദർശിച്ചു നടപടി സ്വീകരിക്കും.

ബ്ളാക്ക് സ്പോട്ടുകൾ
എം.സി റോഡിൽ അടൂർ സെൻട്രൽ ജംഗ്ഷൻ, കിളിവയൽ, പന്തളം ജംഗ്ഷൻ, കാവുംഭാഗം - മുത്തൂർ റോഡിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പബ്ലിക് ലൈബ്രറി വരെയുളള കൊടുംവളവുകൾ നിറഞ്ഞ ഭാഗം, തിരുവല്ല - മല്ലപ്പള്ളി റോഡിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജംഗ്ഷൻ, കുമ്പഴ ജംഗ്ഷൻ, കോന്നിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതൽ മുത്തൂറ്റ് ഫിനാൻസ് വരെയുളള ഭാഗം.

മെയ് മാസത്തിനുള്ളിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
എസ്. ഷാഹിറ
പ്രിൻസിപ്പൽ സയന്റിസ്റ്റ്, നാറ്റ്പാക്