കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം വേഗത്തിലാക്കാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദ്ദേശം നൽകി. പ്രതിസന്ധി പരിഹാരത്തിന് എം.എൽ.എ വിളിച്ചു ചേർത്ത വിവിധ വകപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാ നിർദ്ദേശം നൽകിയത്.
കോന്നിയിൽ ഇതുവരെ വസ്തു കൈമാറിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ യോഗത്തിൽ അറിയിച്ചു. പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇളവ് ലഭിക്കാത്തതിനാലാണ് കൈമാറാൻ കഴിയാത്തത്.സ്വകാര്യ വ്യക്തിയുടെ ഭൂമി ഇനിയും ഏ​റ്റെടുക്കണമെന്നും കേസ് നിലവിലുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു. 2.41 ഏക്കർ ഭൂമിയാണ് ബസ്​ സ്റ്റാന്റ് ആവശ്യത്തിന് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. അതിൽ ഒരേക്കർ എട്ടു സെന്റ് ഭൂമി സ്വകാര്യ വ്യക്തിയുടേതാണ്. ഈ ഭൂമി സംബന്ധിച്ച് 2018 മുതൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. വസ്തു കൈമാറുന്നതിന് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിന് എതിർപ്പില്ലെന്നും ഇളവ് അനുവദിച്ചിട്ടുണ്ടെന്നും രജിട്രേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം. രജനി, വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കെ.എസ്.ആർ.ടി.സി എക്‌സിക്യുട്ടീവ് എൻജിനീയർ പി.കെ. ശ്രീനിവാസൻ , പത്തനാപുരം എ.ടി.എം തോമസ് മാത്യു, ജില്ലാ രജിസ്ട്രാർ ടി.കെ. കുമാരി, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ, പത്തനംതിട്ട എ.ഡി.പി ഷാജി ജോസഫ്, കോന്നി പഞ്ചായത്ത് അസി. സെക്രട്ടറി ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ ദീനാമ്മ റോയ്, സൗദാമിനി, തുളസി മോഹൻ, ലൈല , മോഹനൻ കാലായിൽ, പേരൂർ സുനിൽ, പഞ്ചായത്ത് എച്ച്.ഇ സാബു തോമസ്, ശ്രീകുമാർ മുട്ടത് എന്നിവർ പങ്കെടുത്തു.