തിരുവല്ല: കടപ്രയിൽ ബാറിന് സമീപത്തുണ്ടായ സംഘർഷത്തിനിടെ സുഹൃത്തായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. തിരുവല്ല കുളക്കാട് യമുനാ നഗറിൽ ദർശന വീട്ടിൽ സ്റ്റോയി വർഗീസ് (21), കാട്ടൂക്കര ശങ്കരമംഗലത്ത് താഴ്ചയിൽ രാഹുൽ മനോജ് (25) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 16ന് രാത്രി 10ന് ഇന്ദ്രപ്രസ്ഥ ബാറിന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ചുമത്ര ചൂരക്കുഴിയിൽ വീട്ടിൽ പ്രദീപ് കുമാർ (30) നാണ് കുത്തേറ്റത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായതോടെ ബാർ ജീവനക്കാർ സംഘത്തെ ബാറിന് പുറത്താക്കി. തുടർന്നുണ്ടായ സംഘർഷത്തിലാണ് പ്രദീപിന് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഇരുവരുടെയും വീടുകളിൽ നിന്ന് സി.ഐ ടി.രാജപ്പൻ, എസ്.ഐ മാരായ സന്തോഷ്, ബേബി, സി.പി.ഒ മാരായ ദിനേശ്, അഖിലേഷ് , തുളസി, വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.