കോന്നി : വേനൽകടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത് കിഴക്കൻ മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കുടിവെള്ളവും ഭക്ഷണവും തേടിയാണ് കാട്ടുമൃഗങ്ങൾ ഏറെയും കാടിന് പുറത്തേക്ക് വരുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ നാടിറങ്ങുന്ന പുലി,കാട്ടാന, പന്നി,കുരങ്ങ്,വേഴാമ്പൽ,പെരുമ്പാമ്പ് തുടങ്ങിയവ വ്യാപകമായി കൃഷിയും വളർത്തുജീവികളെയും നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ട്.
പുലിയും കാട്ടാനയും പേടിസ്വപ്നം .......
കൂടൽ,കലഞ്ഞൂർ,പാടം,കോന്നി പ്രദേശങ്ങളിൽ പുലിശല്യം വ്യാപകമാണ്. വളർത്തുമൃഗങ്ങളെയാണ് ഇവ ഭക്ഷണമാക്കുന്നത്.
വനാന്തര ഗ്രാമങ്ങളിലെ പട്ടികളെയും ആടുകളെയും വല്ലപ്പോഴും തീറ്റയാക്കിയിരുന്ന പുലി ദിവസങ്ങൾക്ക് മുമ്പ് ജനവാസ മേഖലയിലെ വലിയ പശുവിനെയും കൊന്നു. ഇതോടെ രാത്രിയും പകലും പുറത്തിറങ്ങാൻ ജനങ്ങൾക്ക് ഭയമാണ്.ഇതിന് പിന്നാലെയാണ് കാട്ടാന ശല്യവും രൂക്ഷമായിരിക്കുന്നത്.തണ്ണിത്തോട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ പിടിയാനയുടെയും കുട്ടിയുടെയും ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് കാർ യാത്രക്കാർ രക്ഷപെട്ടത്.കഴിഞ്ഞ ദിവസം ചിറ്റാറിൽ വനപാലകനെ കാട്ടാന കുത്തികൊന്ന ദാരുണ സംഭവവും ഉണ്ടായി. കല്ലാറിലേക്ക് വെള്ളം കുടിയ്ക്കാനാണ് ആനകൾ എത്തുന്നത്.ഒപ്പം കാർഷിക വിളകളും ആഹാരമാക്കുന്നുണ്ട്.
കാട്ടുപന്നി ശല്യം
കാട്ടുപന്നിയുടെ ശല്യമാണ് മലയോര കർഷകർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.
കോന്നി വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെ പന്നിയുടെ ശല്യം മൂലം കൃഷി ചെയ്യാനാകുന്നില്ല.മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങളാണ് കൂടുതലായി നശിപ്പിക്കുന്നത്.ആങ്ങമൂഴി,സീതത്തോട്,ചിറ്റാർ,തണ്ണിത്തോട്,അരുവാപ്പുലം,തേക്കുതോട്,അരുവാപ്പുലം,കോന്നി,കൊടുമൺ മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
കുരങ്ങിന്റെയും പക്ഷികളുടെയും ശല്യം വേറെ
കൃഷി നശിപ്പിക്കലും തെങ്ങിൽ കയറി നാളികേരം നഷ്ടമാക്കുകയുമാണ് കുരങ്ങിന്റെ പ്രധാന വിനോദം. വേനലെത്തിയതോടെ കാട്ടുകുരങ്ങിന്റെ ശല്യം വനാന്തര ഗ്രാമങ്ങൾക്ക് പുറത്തേക്കും വ്യാപകമാണ്.വീടുകളിൽ കയറിയും ശല്യമുണ്ടാക്കുന്നുണ്ട്. വേഴാമ്പൽ,പച്ചതത്ത തുടങ്ങിയവ വാഴക്കുലകൾ നശിപ്പിക്കുന്നു.പെരുമ്പാമ്പ് വ്യാപകമായതോടെ കർഷകർക്കു മറ്റൊരു പ്രശ്‌നമായി. കോഴികളെ പെരുമ്പാമ്പ് വ്യാപകമായി വിഴുങ്ങുന്നുണ്ട്.
നഷ്ടപരിഹാരം തുച്ഛം
കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്.വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നത്.കെടുതിയിലും മറ്റും നഷ്ടമുണ്ടാകുന്നവർക്കും തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്.കൃഷിയിടങ്ങളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്.
വിളവെത്താറായ മരച്ചീനി വ്യാപകമായി പ്രദേശങ്ങളിൽ നശിപ്പിച്ചു. കിഴങ്ങുവർഗങ്ങൾ കൃഷി ഇറക്കാനാകുന്നതേയില്ല
(കർഷകർ)