ചെങ്ങന്നൂർ: എം.കെ റോഡിൽ പുത്തൻകാവ് പാലത്തിനും, മാന്നാർ കടപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടക്കൽ പാലത്തിനും ഭരണാനുമതി ലഭിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. 15 മീറ്റർ നീളവും 12.50 മീറ്റർ വീതിയുമുള്ള പുതിയ പാലത്തിന് രണ്ടു വരി ഗതാഗതവും നടപ്പാതയും ഉണ്ടാകും.3.36 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. പമ്പാ നദിക്കു കുറുകെയുള്ള കോട്ടക്കൽ കടവ് പാലത്തിന് നിലവിൽ 165.50 മീറ്റർ നീളവും രണ്ടു മീറ്റർ വീതിയാണുള്ളത്. ഇത് പുനർ നിർമ്മിച്ച് 11 മീറ്ററായി വീതി വർദ്ധിപ്പിക്കും.14.70 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പാലത്തിൽ രണ്ടുവരി ഗതാഗതവും ഇരുവശത്തും നടപ്പാതകളും ഉണ്ടാകും.പുലിയൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പരുമല ആശുപത്രി,പമ്പാ ദേവസ്വം ബോർഡ് കോളേജ്,പരുമല പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ മാന്നാർ ടൗൺ വഴിയുള്ള യാത്ര ഒഴിവാക്കാൻ കഴിയും.കൂടാതെ പരുമല തീർത്ഥാടന കാലത്ത് മാന്നാർ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.