ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ വ്യാപാരികളുടെ ലൈസൻസ് ഫീസ്,തൊഴിൽ കരം എന്നിവ യാതൊരു മാനദണ്ഡവുമില്ലാതെ കുത്തനെ വർദ്ധിപ്പിച്ച കൗൺസിൽ തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭ ചെയർമാന് കത്തു നൽകി.മറ്റു നഗരസഭകൾ ചെയ്തതു പോലെ നീതിയുക്തമായ തീരുമാനമാണ് ചെങ്ങന്നൂർ നഗരസഭ കൈക്കൊള്ളേണ്ടിയിരുന്നത്. ഈ വിഷയം ആലോചിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ഈ വിഷയം ഉന്നയിച്ചിരുന്നതാണ്. വ്യാപാര സ്ഥാപനങ്ങളെ ഒന്നിച്ചു കാണുന്നതിനു പകരം വലിയ സ്ഥാപനങ്ങളെയും ചെറുകിട സ്ഥാപനങ്ങളെയും പ്രത്യേകം പരിശോധന നടത്തി തരം തിരിച്ച് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവും ചെയർമാനും യു.ഡി.എഫ് അംഗങ്ങളും നിരാകരിച്ചു. തുടർന്ന് പരാതി പറയാനെത്തിയ വ്യാപാരി സംഘടനകളോട് ചർച്ചയ്ക്ക് പോലും തയാറാകാത്ത നിഷേധാത്മക നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്. ഈ വിഷയത്തിൽ നഗരസഭ അടിയന്തര കൗൺസിൽയോഗം ചേരണമെന്നും വ്യാപാരി സംഘടനകളുടെ അടിയന്തര യോഗം ചെയർമാൻ വിളിച്ചു ചേർക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.