അടൂർ : പുതിയ സർവീസുകൾ തുടങ്ങി ഡിപ്പോയെ ലാഭത്തിലേക്ക് കൊണ്ടുപോകാനാണ് പ്രസ്ഥാനത്തോട് കൂറുള്ള ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാൽ ചോറ് ഇവിടെയും കൂറ് സ്വകാര്യസർവീസുകാരോടും എന്നതാണ് അടൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരുടേത്.അനുവദിച്ച സർവീസ് എങ്ങനെയും അനിശ്ചിതമായി നീട്ടുന്ന ഉദ്യോഗസ്ഥരാണേലോ.. എങ്ങനെ രക്ഷപെടാനാണ് ഡിപ്പോ.അടൂർ - മണിപ്പാൽ അന്തർ സംസ്ഥാന സർവീസാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.സർവീസ് ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടും തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയിൽ കിടന്ന രണ്ട് സൂപ്പർ ഡീലക്സ് ബസുകൾ പോയി കൊണ്ടുവരുന്നതിലായിരുന്നു ആദ്യത്തെ താമസം.ഒന്നര ആഴ്ചയോളം കഴിഞ്ഞാണ് ബസ് അടൂർ ഡിപ്പോയിലെത്തിച്ചത്.പിന്നീട് ഡ്രൈവർ കംകണ്ടക്ടർ ഇല്ലെന്ന പേരിൽ ആഴ്ചകളോളം സർവീസ് തുടങ്ങുന്നത് അനിശ്ചിതമായി നീട്ടി. ഒടുവിൽ മനസില്ലാ മനസോടെ സർവീസ് ആരംഭിക്കുകയായിരുന്നു.എങ്ങനെയും മണിപ്പാൽ സർവീസിനെ അടൂർ ഡിപ്പോയിൽ നിന്നും കടത്തുന്നതിനുള്ള തന്ത്രങ്ങളാണ് പിന്നീട് മെനഞ്ഞത്.വരുമാനം കുറവെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. സമയക്രമീകരണം നടത്തേണ്ടവർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
മുടന്തൻ ന്യായങ്ങളും തന്ത്രങ്ങളും മെനയുന്നു.....
ഇടയ്ക്ക് സർവീസ് ബ്രേക്ക്ഡൗൺ ആയാൽ പകരം ഒാടിക്കുന്നതിനുള്ള സ്പെയർബസ് എത്തിക്കുന്നതിലും മെല്ലെപോക്കുണ്ടായി.ഇതോടെ പലദിവസങ്ങളിലും സർവീസ് മുടങ്ങിയതും വരുമാനത്തിൽ ഇടിവുണ്ടാക്കി.ഇതിന്റെ പേരിൽ പ്രസ്തുത സർവീസ് ആഴ്ചയിൽ നാല് ദിവസമായി കുറച്ചു.കഴിഞ്ഞ ഒാണക്കാലത്തും ക്രിസ്മസ് ന്യൂ ഇയർ അവധികാലത്തും ട്രെയിനിലും ബസിലും ടിക്കറ്റ് ലഭിക്കാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞപ്പോഴും സർവീസ് അയയ്ക്കാൻ യാതൊരുനടപടിയുമുണ്ടായില്ല.മുൻകൂർ റിസർവേഷൻ കുറവെന്ന മുടന്തൻ കാരണം പറഞ്ഞ് സർവീസ് നിരവധിതവണ റദ്ദാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി.ഡിപ്പോ അധികൃതരാണ് ഇക്കാര്യത്തിൽ ജാഗ്രത കാട്ടേണ്ടത്.അതിന് തയാറല്ലാത്തവർ ഇപ്പോഴും ഇൗ സർവീസ് ഒന്നു നിറുത്തികിട്ടിയാൽ മതിയെന്ന നിലപാടോടെയാണ് മുക്കി കൊല്ലാൻ കരുക്കൾ നീക്കുന്നത്.ഇതിനെതിരേ സേവ് അടൂർ കെ.എസ്.ആർ.ടി.സി ഫോറം രൂപം നൽകി പ്രക്ഷോഭവുമായി ഒരുസംഘം രംഗത്തിറങ്ങിയതും അധികൃതർക്ക് തലവേദനയായി.