പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവും സുഹൃത്തും ചേർന്ന് പീ‍ഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ അമ്മയ്ക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒൻപത് വയസുള്ള മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പന്തളം സ്വദേശി പ്രിൻസി ജേക്കബാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയ കോടതി കുട്ടിയുടെ പിതാവായ പറന്തൽ സ്വദേശി ഗീവർഗീസിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും വെറുതേവിട്ടു.

2016 ലാണ് പരാതി നൽകിയത്. പ്രിൻസി ഭർത്താവുമായി വേർപിരിഞ്ഞുകഴിയുകയായിരുന്നു. ഇവരുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ പ്രിൻസിക്കൊപ്പവും ഒരാൾ ഗീവർഗീസിനൊപ്പവുമായിരുന്നു. തനിക്കൊപ്പം താമസിക്കുന്ന മകളെ 2016 ൽ പീഡിപ്പിച്ചെന്ന് കാട്ടിയാണ് പ്രിൻസി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഗീവർഗീസിനും സുരേഷ് കുമാറിനുമെതിരെ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു.

വൈദ്യ പരിശോധനയിൽ പീഡനം നടന്നില്ലെന്ന് തെളിഞ്ഞു. പ്രിൻസിയെ കോടതി വിസ്തരിച്ചതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. പ്രിൻസിക്ക് ഭർത്താവിനോടുള്ള വിരോധവും പ്രിൻസിയുടെ സഹോദരന് സുരേഷ് കുമാറിനോടുണ്ടായിരുന്ന ശത്രുതയുമാണ് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് കണ്ടെത്തിയതോടെ കേസെടുക്കാൻ പോക്സോ കോടതി ജഡ്ജി സനു എസ്. പണിക്കർ ഉത്തരവിടുകയായിരുന്നു. പ്രതികൾക്കുവേണ്ടി അഡ്വ.എസ്.സരോജ് മോഹൻ,​ അഡ്വ.ജോൺസൺ വിളവിനാൽ എന്നിവർ ഹാജരായി.