1-

കൂടൽ ; കൂടലിന്റെ തലയെടുപ്പായ രാക്ഷൻ പാറയെ സംരക്ഷിക്കാൻ ശിലോത്സവവുമായി കണ്ണാടി സാംസ്കാരിക വേദി. ക്വാറി മാഫിയയുടെ ഭീഷണി നേരിടുന്ന പാറയെ രക്ഷിക്കാൻ സമീപവാസികളെ പങ്കെടുപ്പിച്ച് രണ്ടാംതവണയാണ് ശിലോത്സവം സംഘടിപ്പിക്കുന്നത്.

.മാർച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ടു മുതലാണ് പരിപാടി. കെ .യു ജനീഷ് കുമാർ എം.എൽ.എ , ചലച്ചിത്ര നടനും സംവിധായകനുമായ പ്രവീൺ പരമേശ്വർ ,​ എഴുത്തുകാർ,​ ചിത്രകാരൻമാർ തുടങ്ങിയവർ പങ്കെടുക്കും. കഥയും കവിതയും നാടൻപാട്ടും താളമേളങ്ങളുമായി നടക്കുന്ന പരിപാടിയൽ നിരവധി പേർ പങ്കെടുക്കും.

കൂടൽ ഇഞ്ചപ്പാറയിലെ രാക്ഷസൻപാറ ,കുറവൻ -കുറത്തി പാറ ,പുലിപ്പാറ എന്നിവ ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ് ..അതിരുങ്കലിലെ പടപ്പാറയിൽ നിന്ന് തുടങ്ങി പുലിപ്പാറയിൽ അവസാനിക്കുന്ന ഈ പാറകൾ കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നു ..1994 ലാണ് ഇവിടെ പാറപൊട്ടിക്കാൻ ആദ്യം നീക്കം നടക്കുന്നത്. അന്ന് ഗുരു നിത്യചൈതന്യ യതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

കഥയുറങ്ങുന്ന പാറ

രാക്ഷസൻ പാറയുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളുണ്ട് .ആളുകളെ കൊല്ലുന്ന ദുഷ്ടനായ ഒരു രാക്ഷസൻ ഇവിടെയുണ്ടായുരുന്നത്രേ. ജനങ്ങൾ കലഞ്ഞൂർ മഹാദേവരുടെയും കാളിദേവിയുടെയും മുമ്പിൽ അഭയം തേടി. ദേവിയും മഹാദേവരും ചേർന്ന് രാക്ഷസനെ അമ്പെയ്ത് കൊല്ലാൻ തീരുമാനിച്ചു. . അതിനായി മറുകരയിലുള്ള നിലങ്ങൾക്കു നടുവിൽ ഒരു തറയുണ്ടാക്കി. ഇഞ്ചപ്പാറ ജംഗ്ഷനിലുള്ള പുലത്തുപടി ഏലായിൽ ഈ തറ നാല്പത് വർഷങ്ങൾക്കു മുമ്പുവരെയുണ്ടായിരുന്നു. പിന്നീട് നിലങ്ങൾ നികന്നു പോയപ്പോൾ ഈ തറയും ഇല്ലാതായി.

ഇത് വില്ലൂന്നിത്തറ എന്ന് അറിയപ്പെട്ടു. പിൽക്കാലത്ത് കൊയ്ത്തും മെതിയും നടത്തിയിരുന്നത് ഈ തറയിൽ വച്ചാണ്. മഹാദേവർ അവിടെ നിന്നുകൊണ്ട് വില്ല് ഊന്നി കുലച്ചു വിട്ട അമ്പുകളേറ്റ് രാക്ഷസൻ വീണു. രാക്ഷസനെ ചങ്ങലയിൽ ബന്ധിച്ച് വലിച്ചിഴച്ച് ഒരു പാറയ്ക്കു മുകളിൽ കിടത്തി. മരണം ഉറപ്പുവരുത്താൻ ഒരു വലിയ പാറ രാക്ഷസന്റെ മുകളിൽ ഉരുട്ടി വച്ചു. അവസാന ശ്വാസം പുറത്തേക്ക് പോയപ്പോൾ ഒരു പ്രത്യേക ശബ്ദത്തോടെ രാക്ഷസന്റെ മൂക്കുകൾ തുറന്നു പോയി. രാക്ഷസന്റെ മൂക്കുകൾ പോലെ പാറയിൽ കാണുന്ന ദ്വാരങ്ങൾ അതാണത്രേ. രാക്ഷസൻ ഇരിക്കാനുപയോഗിച്ചതെന്ന് വിശ്വസിക്കുന്ന കുരണ്ടിപ്പലകയും പാദങ്ങൾ പതിഞ്ഞ പാറയും ചങ്ങലപ്പാടുകളും മുമ്പ് കാണാമായിരുന്നു. അവയെല്ലാം പൊട്ടിച്ചുമാറ്റപ്പെട്ടു.