കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ഫാർമേഴ്‌സ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടത്തിട്ട വെട്ടിക്കുളം ഏലായിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവം ആവേശമായി.കൊയ്ത്തുത്സവത്തിന്റെയും കൊടുമൺ റൈസിന്റെ രണ്ടാം ഘട്ട നെല്ല് സംഭരണത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു.
കേരളത്തിലെ കാർഷിക മേഖല കുതിച്ചു ചാട്ടത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിന് ഉത്തമ ഉദാഹരണമാണ് കൊടുമൺ പഞ്ചായത്തിലെ കൃഷി. കൊയ്യുന്ന അന്നു തന്നെ സർക്കാർ നിശ്ചയിച്ച സംഭരണ വില നൽകുന്നത് കൊടുമണ്ണിൽ മാത്രമാണ്. ഇത് കേരളത്തിൽ എവിടെയും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുമൺ കൃഷി ഓഫീസർ എസ്. ആദില , വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ. സലീം, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു.