അടൂർ :നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. അടൂർ സ്മിതാ തീയേറ്ററിലാണ് മേള. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, മാസ്റ്റേഴ്സ്, ഹോമേജ് വിഭാഗങ്ങളിലായി 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9 ന് പ്രദർശനം ആരംഭിക്കും. വൈകിട്ട് 5 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ ജെ. ഗീത, സതീഷ് ബാബു സേനൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. 29 ന് വൈകിട്ട് 5 ന് 'അതിർത്തികൾ - ദേശീയത - മാനവികത - സിനിമ എന്ന വിഷയത്തിൽ നടക്കുന്ന ഒാപ്പൺ ഫോറത്തിൽ നിരൂപകനായ നന്ദലാൽ, ശ്രീനാദേവി, രാജേഷ് കെ. എരുമേലി എന്നിവർ പങ്കെടുക്കും. ബി. ആർ. ബിനുലാൽ മോഡറേറ്ററായിരിക്കും.മാർച്ച് 1 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. മേളയിൽ പ്രദർശിപ്പിക്കുന്ന 9 ഷോർട്ട് ഫിലീമുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. കവിയത്രി കണിമോൾ പങ്കെടുക്കും.